''അച്ഛന്‍ മറന്നുപോയോ എന്റെ ബെർത്ത്ഡേ ? അന്ന് ഉത്സവാ... അടിച്ചുപൊളിക്കണ്ടേ?''
അമ്മയോട്, അമ്മൂമ്മയോട്, കൂട്ടുകാരോട്... അവൾ പറഞ്ഞാഘോഷിക്കുന്നതു നൂറുവട്ടം കേട്ടു. ദിവസങ്ങളായി അവളുടെയുള്ളില് ഈ ചിന്തമാത്രം.
മറ്റാരും കണക്കിലെടുത്തില്ലെങ്കിലും ആ ദിവസം ഇങ്ങു വന്നെങ്കിലെന്നു അവളു കൊതിയൂറുന്നു. ദിവസം അടുക്കുംതോറും എങ്ങനെ വർണാഭമാക്കണമെന്നു തനിയെയിരുന്നു പ്ലാൻ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ട്.
''അമ്മയന്നു ജോലിക്കു പോകല്ലേ, അച്ഛനന്ന് എങ്ങും പോകല്ലേ'
'മഴ കാണല്ലേ.... കാറ്റടിക്കല്ലേ.... കരണ്ട് പോകല്ലേ'
പട്ടിക്കൂടിനരികെ പോയിനിന്നു പറയും-
'പക്ഷെ, അന്ന് നിനക്കെന്തുവാ വാങ്ങിത്തരേണ്ടെ?'
കേക്കു വാങ്ങാനും പായസമൊരുക്കാനും നാളുകൾക്കുമുമ്പേ അമ്മയെ ശട്ടംകെട്ടി. അമ്മ ഇതൊക്കെ ചെയ്തുതരുമെന്നവൾക്കറിയാം. എങ്കിലും എല്ലാം കേമമാക്കാനുള്ള പദ്ധതികൾ സ്വയം രൂപപ്പെടുത്തിക്കൊണ്ടിരുന്നു.
'നീ പോ പെണ്ണേയൊന്ന്'
ക്ഷീണിച്ചുവരുന്ന അമ്മയുടെ കീഴെചെന്നു തൻ്റെ പ്ലാൻ വിവരിക്കുമ്പോൾ ശകാരം കിട്ടും. എന്നാലും പിറകെ നടന്നു പറയും-
'അമ്മേ, ഇനിയെത്ര ദിവസമുണ്ടെന്നാ വിചാരം. കേക്കുവാങ്ങണ്ടേ?.... പായസത്തിന് സേമിയ വാങ്ങണ്ടേ?... മുന്തിരിങ്ങയും കപ്പലണ്ടിയുമൊക്കെ വാങ്ങണ്ടേ?... ദിവസമിങ്ങെത്തിയമ്മേ'
ദിവസമടുക്കും തോറും അച്ഛനേയും അവൾ തറയിൽ നിർത്താറേയില്ല-
''അച്ഛനതൊക്കെ അങ്ങു മറന്നോ?''
''എന്താ മോളേ?''
നൂറുകൂട്ടം കാര്യങ്ങളുമായി നെട്ടോട്ടമോടുന്ന അച്ഛനോടാ കിന്നാരം.
എന്നാലും അച്ഛനതു കേട്ടതായി ഭാവിക്കും.
''ബെർത്ത്ഡേക്ക് എനിക്ക് എന്തുവാ വാങ്ങിത്തരുന്നേ?''
''നോക്കട്ടെ മോളേ.'' അച്ഛൻ തിരക്കിലേക്കുതന്നെ.
അച്ഛന്റെ ഭ്രാന്തുപിടിച്ച ഓട്ടത്തെപ്പറ്റി അവൾക്കറിയാം. എന്നാലും സദാ വര്‍ത്തമാനം പറഞ്ഞു കൂടെക്കൂടും.
യാത്ര പോകുന്ന വഴിക്കു മോളുടെ കിന്നാരവുമായി മൊബൈൽ ചിലച്ചുകൊണ്ടേയിരിക്കും-
''അച്ഛനിപ്പം എവിടെയാ....? രാത്രിക്കുമുമ്പേ വരണേ..... എനിക്കെന്തോ കൊണ്ടുവരും?''
തറയിൽ ചരിഞ്ഞുകിടന്നു വരക്കുകയോ കഥാപുസ്തകം നെഞ്ചിൽവെച്ചു വായിക്കുകയോ പാട്ടുകേട്ട് ഡാൻസ് കളിക്കുകയോ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുകയോ ചെയ്യുന്നതിനിടയിലും അച്ഛനോടും അമ്മയോടും അമ്മൂമ്മയോടും അവളു പുതിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ചേട്ടനോടത്ര സ്വാതന്ത്ര്യം പോരാ. ഇഷ്ടങ്ങളൊന്നും അവൻ വകവച്ചുകൊടുക്കില്ല. നീ പോടീ എന്നു ശകാരിച്ചുകൊണ്ടിരിക്കും.
മോനെയും മോളെയും കൂട്ടി അച്ഛൻ കാറോടിച്ചു തൃശൂർക്കു യാത്രപോയി. രണ്ടു ദിവസത്തെ പരിപാടിക്കിടയിൽ പേരുകേട്ട തുണിഷോപ്പിലേക്കു കയറി, മോൾക്കു ഫാഷനടുപ്പും പാവാടയും വാങ്ങി.
വീട്ടിലെത്തി രാത്രിതന്നെ അമ്മയെ അതെടുത്തുകാണിച്ചു.
പിറ്റേന്നു പകലു മുഴുവന്‍ പുത്തന്തുണിയുടെ ഹാങ്ങ്ഓവറിലായിരുന്നു അവൾ.
തലേദിവസംതന്നെ അമ്മയെ അവളോർമ്മപ്പെടുത്തി-
''കേക്ക് വാങ്ങണ്ടേ?... പാല് വാങ്ങണ്ടേ? ... സേമിയ... മുന്തിരിങ്ങ... കപ്പലണ്ടി.''
അടുത്ത പട്ടണത്തിലേക്കു പോകുമ്പോൾ അവളും കാറിൽ കയറി.
കേക്ക് ഉൾപ്പടെ ആഘോഷത്തിനുള്ളതെല്ലാം അവൾ വാങ്ങിപ്പിച്ചു. വെക്കേഷൻ കാലമായതു സന്തോഷമായി; മുഴുവൻ സമയവും ആഘോഷിക്കാം.
വലിയ പ്ലാനിംഗുകളുമായാണ് രാത്രിയിൽ അവളുറങ്ങാൻ കിടന്നത്.
പിറ്റേന്നു രാവിലെ നേരത്തേ അവളുണർന്നു.
പേപ്പർ വാല്യൂവേഷനു കാമ്പിലേക്കു പോകുന്നതിനുള്ള ധൃതിക്കിടയിൽ അമ്മ മോളോടു പറഞ്ഞു-
''രാവിലെ കുളിച്ചിട്ടു എല്ലാരും കൂടി കേക്കു മുറിക്കണം. മോളു ആവിശ്യം പോലെ തിന്നോണം''
അയ്യാ... അവളുടെ നാവിൽ വെള്ളമൂറി.
കുളിച്ചു പൗഡറിട്ടു, കരിമഷിപുരട്ടി, മുടിചീകി 'ബോ' വെച്ച് തൃശൂരിൽ നിന്നു വാങ്ങിയ പുത്തനുടുപ്പും പാവാടയുമണിഞ്ഞു അച്ഛന്റെ മുറിയിലേക്കെത്താൻ അവൾക്കു വലിയ താമസം വേണ്ടിവന്നില്ല.
''അച്ഛാ''
മോളുടെ ചിരി അച്ഛൻ ശ്രദ്ധിച്ചു; ഇന്നവൾക്കു സൗന്ദര്യം കൂടിയതുപോലെ തോന്നി.
അച്ഛനപ്പോൾ കമ്പ്യൂട്ടറിൽ തിരക്കിട്ടു ജോലിചെയ്യുകയായിരുന്നു. പല്ലുതേച്ചിട്ടുപോലുമില്ല.
എല്ലാം കഴിഞ്ഞു വരാൻ ഇനിയെത്ര സമയം വേണമെന്നോ. ജോലിയേറെ തീരാൻ കിടക്കുന്നു.
മോളു മുന്നിലിരുന്നു തിരക്കുകൂട്ടുകയാണ്.
''അച്ഛാ.... വാച്ഛാ''
കേക്കു മുറിക്കാനാണ്; ടിവി പരിപാടികളിൽ കാണാറുള്ള ബെർത്ത്ഡേ ചടങ്ങുകളാണ് അവളിപ്പോൾ ആവാഹിച്ചിരിക്കുന്നതു.
തൻ്റെ ഒമ്പതാം ബെർത്ത്ഡേ ആഘോഷത്തിനു അടുത്ത നിമിഷംതന്നെ കേക്കുമുറിച്ചു തുടക്കം കുറിക്കണമെന്നു അവള് സ്വപ്നം കാണുന്നു. അതിൻ്റെ ആഹ്‌ളാദത്തിനാലാണ് ആ മുഖത്തു കൂടുതൽ സൗന്ദര്യം വിരിഞ്ഞിരിക്കുന്നത്.
ഇതൊക്കെ അച്ഛനറിയാവുന്നതാണ്.
''വാ അച്ഛാ''
അവളു തിരക്കുകൂട്ടുന്നു.
''വരുന്നു മോളേ''
അച്ഛനങ്ങനെ പറഞ്ഞതിനിപ്പോ കണക്കില്ല.
''അച്ഛാ'' അവൾ ചിണുങ്ങിത്തുടങ്ങി.
അച്ഛനപ്പോൾ ജോലിയുടെ ടെൻഷൻ; ചെറിയ ദേഷ്യം പുറത്തേക്കു തെറിച്ചു.
''കുളിച്ചതുപോലുമില്ല; ഇനിയെപ്പഴാ'' അവള് അസ്വസ്ഥതപ്പെട്ടു.
''എടാ മോനേ, മോളുടെ കേക്ക് ഒന്നു മുറിക്കെടാ, നീയൊന്നു കുളിച്ചേ''
''ഞാൻ കളിക്കാൻ പോകുവാ'' അവൻ ബാറ്റ് കൈയിലെടുത്തുകഴിഞ്ഞു.
പുറത്തു ഗേറ്റിനടുത്തു അവന്റെ ചങ്ങാതിമാർ.
''ചേട്ടാ, ഒന്നു നിക്ക്" അവളു കൊഞ്ചി.
''നീ പോടീ''
അവളുടെ കുഞ്ഞുമനസ്സു പിടഞ്ഞുതുടങ്ങി. ''അമ്മൂമ്മ എവിടെ?''
''കിടക്കുവാ, വയ്യാന്ന്''
മോളെയുംകൂട്ടി അച്ഛൻ അടുക്കളേലേക്കു പോയി. കേക്കിരുന്ന കവർ ഡൈനിംഗ് ടേബിളിലുണ്ട്.
''വൈകിട്ടു മുറിക്കാമെടീ മോളേ... അമ്മ വരട്ടെ''
അച്ഛന്റെ അഭിപ്രായത്തോട് അവൾക്കു പൊരുത്തപ്പെടാനായില്ല.
കേക്കിന്റെ മധുരിക്കുന്ന മണം അവിടമാകെ പരന്നിട്ടുണ്ട്.
അവൾ സ്വപ്നം കണ്ടത്....ടിവിയിൽ കണ്ടിട്ടുള്ളത്...
അവളുടെ മുഖത്തപ്പോൾ കറുത്ത കാറ്റുവീശി. കണ്ണുകളിൽ മഴപെയ്തു.
പെട്ടന്നവൾ അകത്തെ മുറിയിലേക്ക് ഒരോട്ടം; പുതിയ വേഷത്തിൽ അവൾ കട്ടിലിൽ കിടന്നുരുണ്ടു.
കമ്പ്യൂട്ടറിലേക്കുതന്നെ അച്ഛൻ മടങ്ങി. എപ്പോഴോ പുതിയ ഡ്രസ്സിലാത്തെ മോൾ ഓഫീസിലേക്കുവന്നു.
''അച്ഛൻ എന്റെ ബെർത്ത്ഡേ കൊളമാക്കി.'' ആ സങ്കടവർത്തമാനം അച്ഛനെ പൊള്ളിച്ചു.
വൈകിട്ടു അമ്മക്കൂടി വന്നിട്ട് അവളുടെ മോഹം സാധിച്ചു കൊടുക്കാമെന്നു അച്ഛൻ സമാധാനിച്ചു.
പിന്നെ അവൾ ഓഫീസ് മുറി വിട്ടുപോയില്ല; അച്ഛന്റെ കൈയിൽനിന്നു മൗസ് വാങ്ങി, കമ്പ്യൂട്ടറിൽ ഫീഡു ചെയ്തിട്ടുള്ള പാട്ടുകളിട്ടു ഡാൻസു ചെയ്തുതുടങ്ങി.
വൈകുന്നേരം തനിക്കായി ഒരുങ്ങി വരുന്നുണ്ടെന്നു ആശ്വസിച്ചിട്ടാവണം മോളുടെ ഈ മാറ്റമെന്ന് അച്ഛനോർത്തു സമാധാനിച്ചു.
അച്ഛന്റെ മൊബൈലിൽ നിന്നും പലവട്ടം അവള് അമ്മയെ വിളിച്ചു..
''നേരത്തേ വരണേമ്മേ... കേക്കു മുറിച്ചില്ല.''
വാല്യുവേഷൻ ക്യാമ്പിലെ തിരക്കിൽനിന്നും അമ്മയും ചിലപ്പോൾ അമ്മയും ചിലപ്പോൾ അവൾക്കുവേണ്ടി വിളിച്ചു.
അമ്മൂമ്മ രാവിലെ ആശുപത്രിയിൽ പറഞ്ഞിട്ടും പോയിക്കണ്ടില്ലെന്നു അച്ഛനോർത്ത്, ഉച്ചയ്ക്കുശേഷം അക്കാര്യം മോളു സൂചിപ്പിച്ചപ്പോഴാണ്.
വേഗം അപ്പുറത്തേക്കു പോയി അമ്മൂമ്മയെ നോക്കി. രാവിലെ ആശുപത്രിയിലേക്ക് കാറിൽ കോണ്ടുപോകമെന്നോർത്തു.
മോളുടെ അമ്മവന്നു ഇക്കാര്യത്തിൽ ശണ്ഠകൂടുമെന്നുറപ്പായി.
വൈകിട്ട് മോളുടെ അമ്മ വന്നു.
ബാറ്റുമായി സൈക്കിളിൽ കയറിപ്പോയ ചേട്ടൻ അപ്പോഴും വീടണഞ്ഞിരുന്നില്ല. അച്ഛന്റെ ജോലിത്തിരക്കിനും ശമനമുണ്ടായിട്ടില്ല.
അമ്മ ഗേറ്റുകടന്നുവരുന്നതും നോക്കി വൈകുംമുമ്പുതന്നെ മോൾ സിറ്റൗട്ടിൽ സ്ഥാനം പിടിച്ചിരുന്നു.
അമ്മ വന്നപ്പോൾ അവൾ പതിവിലും കവിഞ്ഞ സന്തോഷം കാണിച്ചു.
''നീ കേക്ക് തിന്നില്ലേ?''
''ഇല്ലമ്മേ.''
അകത്തേക്കുപോയ അമ്മയെ പിന്നീട് പുറത്തേക്കു കണ്ടതേയില്ല.
അമ്മൂമ്മയുടെ അവസ്ഥകണ്ട് അമ്മയ്ക്കു കലശലായ ദേഷ്യം.
ആശുപത്രിയിൽ പോകാത്തതിലുള്ള ശകാരം.
പിന്നെ മൗനത്തിലേക്ക്! അച്ഛനോടും കമാന്നു മിണ്ടിയില്ല.
ചേട്ടൻ വിയർത്തുവന്നു.
അമ്മയുടെ ദേഷ്യം കണ്ടു ചേട്ടനും മൗനത്തിൽ.
ആകെയൊരു നിശബ്ദത വീട്ടിനുള്ളിൽ.
മോളുടെ ഉത്സാഹം കുറഞ്ഞു.
''അച്ഛനൊന്ന് അമ്മയോടു പറയച്ഛ .''
അവൾ പലവട്ടം അച്ഛന്റെയടുത്തു ശുപാർശ ചെയ്തു.
അമ്മ ആരോടും മിണ്ടാതെ പായസത്തിനുള്ള ഒരുക്കം തുടങ്ങി.
സന്ധ്യയായി... പിന്നെ രാത്രിയായി...
ആരും മിണ്ടിയില്ല. ഹാപ്പി ബെർത്ത്ഡേ പാടിയില്ല. കേക്കു മുറിച്ചില്ല. പായസം കുടിച്ചില്ല.
രാത്രി ഏറെനേരം അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു സമയം കഴിച്ചു.
പിന്നെ ഉറങ്ങാൻ കിടന്നു. പിറ്റേന്നു അതിരാവിലെയുണർന്ന അച്ഛന്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു!
അടുക്കളഭാഗത്തെ തറയിലൂടെ ഉറമ്പുകളുടെ വലിയ നിര....
എല്ലാ ഉറുമ്പുകളുടെയും ചുണ്ടിൽ കേക്കിന്റെ ചെറിയ തുണ്ടുകൾ.....!
ഡൈനിംഗ് ടെബിളിൽ നിന്നു തുടങ്ങുന്ന ഉറുമ്പുകളുടെ മാർച്ചുപാസ്റ്റിങ്ങിൽ ഒരുറുമ്പിനെ അയാൾ പ്രത്യേകം ശ്രദ്ധിച്ചു-
പുത്തനുടുപ്പും പാവാടയുമണിഞ്ഞു കേക്കിന്റെ കഷ്ണം വായില്‍ തിരുക്കി ഇഴഞ്ഞിഴത്തിന്റെ മോളും....!