June 5, 2021

പ്രവാസി



അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!  കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം

എന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസിയാകണം, കോടികള്‍

സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം,

ലോറി വാങ്ങണം, ആനേ വാങ്ങണം...

ഹോ എത്രയെത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്

ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ എന്നറിയപ്പെടാനായിരുന്നു

എനിക്ക് വിധി.

അങ്ങനെയിരിക്കെയാണു എന്നിലെ ഗള്‍ഫ് മോഹം

പിന്നെയും തല പൊക്കിയത്, കൂടെയൊരു ചോദ്യവും.. ഏത് രാജ്യത്ത് പോകണം?

സൌദി ഈസ് എ ഡേര്‍ട്ടി കണ്ട്രി..

അവിടെ കള്ളു കുടിച്ചാല്‍ തല വെട്ടുമത്രേ!!!

ദുബൈ ഈസ് എ നോട്ടി കണ്ട്രി..

അവിടെ കാശു പോകാന്‍ നൂറു

വഴിയുണ്ടത്രേ!!! പിന്നെയോ?

ആ ചോദ്യത്തിനുള്ള ഉത്തരാമായിരുന്നു ഖത്തര്‍.

സൌദിയടെ സ്ട്രിക്റ്റും, ദുബൈയുടെ ഫിറ്റുംഉള്ള കണ്ട്രി.

അങ്ങനെ അടിയന്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു.


എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം...

എത്രയെത്ര കടമ്പകള്‍!!!

ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ എന്നെ സഹായിച്ചു. അവന്റെ കമ്പനിയിലെ ഐ.ടി. മാനേജരായി എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത

ശമ്പളവും. അന്നു തന്നെ കമ്പനിയില്‍ രാജിക്കത്ത് നല്‍കി. ഓ സോറി...

ഐ.ടി. കമ്പനിയില്‍ രാജികത്ത് നല്‍കിയെന്ന് പറയാന്‍ പാടില്ല, "പേപ്പര്‍ ഇട്ടു" എന്നാണു ശരിയായ പ്രയോഗം. അതായത് 'സാര്‍, ഈ

കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളിലെത്തിച്ചു എന്നും, ഇനി ഉയരാന്‍

സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പനിയെ ബോധിപ്പിച്ച് കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.

ഇങ്ങനെ പേപ്പര്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ്:

അതായത്, നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി

മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി കമ്പനിയെ ഒരു മാസം കൂടി സേവിക്കണം.

എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക്

അറിയാവുന്നതിനാലും, ഞെക്കിപ്പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും

ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എന്റെ നോട്ടീസ് പിരീഡ്

അവര്‍ 3 ദിവസമായി വെട്ടിച്ചുരുക്കി.ഒരു പക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍

ചെയ്ത് ഒരു മാസത്തെ കറന്റ് കളയുന്നതിലും നല്ലതിതാണെന്ന് അവര്‍ ചിന്തിച്ച്

കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ്

സര്‍ട്ടിഫിക്കേറ്റ്: ഇത് പ്രത്യേകിച്ച് ഒന്നുമല്ല, എല്ലാ

ഡിപ്പാര്‍ട്ട്‌മെന്റിലും നടന്ന് ഞാനൊന്നും തല്ലിപ്പൊട്ടിക്കുകയോ, നശിപ്പിക്കുകയോ

ചെയ്തിട്ടില്ലെന്ന് ഒപ്പിട്ട് വാങ്ങണം. ഡെവലപ്മെന്റ്, ഫിനാന്സ്, എച്ച്.ആര്‍.,

ഒടുവില്‍ അങ്ങനെ ലൈബ്രറിയിലെത്തി...

ലൈബ്രേറിയന്റെ മുഖത്തൊരു ചോദ്യ ഭാവം:

"എന്താ?"

"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരൊപ്പ് വേണം"

"ആരാ?"

"ഞാന്‍ മനു, ഇവിടത്തെ എംപ്ലോയിയാ"

ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു

പുച്ഛ സ്വരത്തില്‍ അയാള്‍ പറഞ്ഞു:

"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലാലോ"

അതായത് എഴുത്തും വായനയും അറിയാത്ത ഒരു ഏഴാം കൂലിയാണു ഞാനെന്ന് വ്യാംഗ്യാര്‍ത്ഥം. ഒപ്പിട്ട് പേപ്പര്‍ കയ്യില്‍ കിട്ടുന്നത് വരെ ഒന്നും മിണ്ടിയില്ല, പേപര്‍ കിട്ടിയപ്പോള്‍ പതിയെ ചോതിച്ചു:

"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"

"ലൈബ്രേറിയന്‍ ലൈബ്രറിയിലല്ലേ ഇരിക്കേണ്ടത്?"

അയാളുടെ മറു ചോദ്യം. ഇത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു

പേപ്പറിലും, അലമാരയിലിരിക്കുന്ന പത്ത് ബുക്കിലും നോക്കിയിട്ട്, മുഖത്ത് മാക്സിമം

പുച്ഛ ഭാവം വരുത്തിയിട്ട് ഞാന്‍ ചോദിച്ചു: "അപ്പോ ഇതിനാണു ലൈബ്രറി എന്ന് പറയുന്നത്, അല്ലേ?:

ഠിം!!!! 

ലബ്രേറിയന്റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ്

ഇന്റര്‍വ്യൂ:

ഏതൊരു എംപ്ലോയിയും കമ്പനി വിട്ടു പോകുന്നതിനു

മുമ്പേ, അവരെ അവിടെ തന്നെ നില നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോന്ന് അറിയാനുല്ല അവസാന ശ്രമം. എച്ച്.ആര്‍ മേഡവും,പ്രൊജക്റ്റ് മാനേജറും കൂടിയാണിത് സാധാരണ ചെയ്യുനത്.

"എന്താണു മനു ഈ ജോലി വിടാന്‍ കാരണം?"

ഇത് വളരെ അര്‍ത്ഥ രഹിതമായ ചോദ്യമാണ്.

കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും നല്ല

ശമ്പളവും കിട്ടിയിട്ടാണവന്‍ പോകുനതെന്ന്. എന്നിട്ടും ഇപ്പോഴും അതേ

ചോദ്യം.. എങ്കിലും സത്യം മറച്ച് വെച്ച് ഞാന്‍ മറുപടി നല്‍കി:

"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത്

ജീവിക്കണമെന്നാണു ആഗ്രഹം"

എച്ച്.ആറിന്റെ കണ്ണു തള്ളി...

അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന്

വെച്ചാല്‍....?

:എന്റെ കഴിവുകളൊക്കെ ഇനി ആ മേഖലയില്‍

പ്രയോഗിക്കണമെന്നാണെന്റെ ലക്ഷ്യം"

"വാട്ട് യൂ മീന്‍?"

"ഐ മീന്‍, കോഡിംഗിലൂടെ ഞാറു നടുക, ആന്റി

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റൊബോട്സിനെ യൂസ് ചെയ്ത് നെല്ലു

പറിക്കുക, എക്സട്രാ, എക്സട്രാ.."

ഠോ.. ഠോ... ഠോ....

കുറച്ച് നേരം തൃശൂര്‍ പൂരം കഴിഞ്ഞ നിശ്ശബ്ദത.

എച്ച്.ആര്‍ മേഡത്തിനും, പ്രൊജക്റ്റ്‌ മാനേജര്‍ക്കും അനക്കമില്ല, ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച

നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു. ഒടുവില്‍ കുറേ നേരത്തെ

നിശ്ശബ്ദതക്ക് ശേഷം പ്രൊജക്റ്റ് മാനേജര്‍ പതുക്കെ പറഞ്ഞു,

മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍

ഞങ്ങള്‍ക്ക് വളരേ വിഷമമുണ്ട്, ബികോസ്.. ബികോസ്?

"ബികോസ് യൂ ആര്‍ ആന്‍ അസറ്റ്"

ഞാനൊരു അസത്താണെന്ന്!!!

അതേ, ഞാനൊരു അസത്താണ്.

ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍

ശേഖറുണ്ടായിരുന്നു, അവനോടൊപ്പം റൂമിലേക്ക്. അന്നവിടെ അന്തിയുറങ്ങി, പിറ്റേ ദിവസം

രാവിലെ ഓഫീസിലേക്ക്... ജോലിക്ക് കേരുന്നതിനു മുമ്പേ അറബിയുടെ

അനുഗ്രഹം വാങ്ങുന്നതിനായി അങ്ങേരുടെ റൂമില്‍ കയറി. ഈ അറബി, അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്നത് പോലൊന്നുമല്ല, അവരും മനുഷ്യരാ. നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വെച്ച്, ബബിള്‍ഗവും ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ പാത്തുമ്മാടെ ആട് കസേരയില്‍ കേറിയിരിക്കുവാണോന്ന് തോന്നിപ്പോകും.

എന്തായാലും ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ്

ഇംപ്രഷന്‍ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ പതിയേ പറഞ്ഞു,

"ഗുഡ് മോണിങ്ങ് സാര്‍"

അറബി എന്നെയൊന്ന് നോക്കി, കണ്ണു കൊണ്ട്

എന്നോട് ഇരിക്കന്‍ പറഞ്ഞു. എന്റെ സെര്‍ട്ടിഫിക്കെറ്റെല്ലാം നോക്കിയിട്ട് അറബി

ചോദിച്ചു:

"ദുയുനോ ഇന്താനെറ്റ്?"

കര്‍ത്താവേ!!!

ഇതെന്ത് ഭാഷ??

അന്തം വിട്ട് നില്‍ക്കുന്ന എന്നോട് അങ്ങേര്‍

വീണ്ടും ചോദിച്ചു:

"ദൂയുനോ തൈപിങ്?"

ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ല, എനിക്ക് അറബി

അറിയില്ലെന്ന് ഇങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും. അതിനാല്‍

രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു:

"ഐ ഡോണ്ട് നോ അറബിക്, പ്ളീസ് സ്പീക് ഇന്‍

ഇംഗ്ളീഷ്"

എന്റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി

അറിയില്ലാ, ദയവായി ഇംഗ്ളീഷില്‍ സംസാരിക്കൂ..

അത് കേട്ടതോടെ അങ്ങേര്‍ ചാടിയെഴുന്നേറ്റ്

കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യ വിക്ഷേപത്തോടെ ഭയങ്കര ബഹളം. അമ്പരന്ന് പോയ

ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറതേക്ക് നോക്കി....

പൊന്നു ശേഖറേ, ഓടി വാടാ..

രക്ഷിക്കെടാ....

അപകടം മണത്ത ശേഖര്‍ അകത്തേക്ക് കുതിച്ച് വന്ന്, അറബിയോടെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നേയും കൊണ്ട് പുറത്തു ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്?

എന്തിനാ അറബി ചൂടായത്??

ഓഫീസില്‍ എന്റെ കസേരയില്‍ പോയിരുന്നിട്ടും

എനിക്കൊരു പിടിയും കിട്ടുന്നില്ല. മറുവശത്ത് ഇരിക്കുന്ന ശേഖറാണെങ്കില്‍

 ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ എന്നെ ഇടക്കിടെ നോക്കുന്നുമുണ്ട്. ഒടുവില്‍

ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന്

ചോദിച്ചു:

"എന്താ അളിയാ പറ്റിയത്?"

"നിനക്ക് ഇന്റര്‍നെറ്റ് അറിയില്ലേ?" അവന്റെ

മറു ചോദ്യം.

"അറിയാം".

"പിന്നെ 'ഡൂ യൂനോ ഇന്റെര്‍നെറ്റ്' എന്ന് അറബി

ചോദിച്ചപ്പോ നീയെന്താ മിണ്ടാഞ്ഞത്?"

ങ്ങേ!!

അറബി അങ്ങനെ ചോദിച്ചോ?

അതെപ്പോ??

ഉടനേ അറബിയുടെ ആദ്യ ചോദ്യം മനസ്സില്‍ അലയടിച്ചു...

ദുയുനോ ഇന്താനെറ്റ്?

ദു യൂ നോ ഇന്താനെറ്റ്??

ഡു യൂ നോ ഇന്തര്‍നെറ്റ്???

കര്‍ത്താവേ!!!

ഇതെന്ത് ചോദ്യം?

അപ്പൊ എന്തായിരുനു അടുത്ത ചോദ്യം..

രണ്ടാമത്തെ ചോദ്യം തനിയേ ഒന്ന് ഡീകോഡ് ചെയ്ത് നോക്കി...

ദുയുനോ തൈപിങ്?

ദു യൂ നോ തൈപിങ്??

ഡൂ യൂ നോ ടൈപിംഗ്???

ഹാവൂ... സന്തോഷമായി ശേഖരേട്ടാ, സന്തോഷമായീ...

നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന ആ

മഹാനോടാണു ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ പറയണമെന്നും വെച്ച് കാച്ചിയത്.

ദൈവമേ, ഈ "ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍" എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല മതിപ്പായിക്കാണും.

എന്റെ കഷ്ട കാലം അവിടെ

ആരംഭിക്കുകയായിരുന്നു...

ഐ.ടി.മാനേജര്‍ എന്ന പേരും, കംപ്യൂട്ടറിന്റെ

മോണിറ്റര്‍ തുടക്കുന്ന പണിയും!!!

എങ്കിലും കിട്ടുന്ന ശമ്പളവും,

സമ്പാദിക്കണമെന്നുള്ള ആഗ്രഹവും എന്നെ അവിടെ പിടിച്ചു നിര്‍ത്തി.

അങ്ങനെയിരിക്കേ ഒരു ദിനം...

"എടാ നിന്നെ അറബി വിളിക്കുന്നു" ശേഖര്‍.

"എന്നാത്തിനാ?"

"ഈ കമ്പനി എഴുതി തരാനായിരിക്കും"

പോടാ പുല്ലേ!!!

റൂമില്‍ ചെന്നപ്പോള്‍ അറബി കാര്യം

അവതരിപ്പിച്ചു, മെയ്‌ന്‍ ഓഫ്ഫീസിലെ കംപ്യൂട്ടറില്‍  നിന്നും അറബിയുടെ

വീട്ടിലെ കംപ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ. അതിനു ഞാനൊരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.

യെസ് സാര്‍, ഐ വില്‍ ഡൂ.

തിരികെ ശേഖറിന്റെ അടുതെത്തിയപ്പോള്‍ അവന്‍

പറഞ്ഞു: "അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പതു കിലോമീറ്റര്‍ ദൂരമുണ്ട്"

കടവുളേ!!!

നാല്‍പതു കിലോമീറ്റര്‍ വയറു വലിക്കാനോ??

തല കറങ്ങുന്നതു പോലെ തോന്നി, വീഴാതിരിക്കാന്‍

ശേഖറിന്റെ കയ്യില്‍ പിടിച്ചു. ബോധം വന്നപ്പോള്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ

മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:

"സാര്‍, ഇറ്റ് ഈസ് ഇംപോസിബ്‌ള്‍"

"നതിംഗ് ഈസ് ഇംപോസിബ്‌ള്‍" അറബി.

"ദെന്‍, ദിസ് ഈസ് നതിംഗ്" ഞാന്‍.

അതില്‍ ഞാന്‍ സ്കോര്‍ ചെയ്തു, എനിക്ക് നൂറു മാര്‍ക്ക്, അറബിക്ക് പൂജ്യം മാര്‍ക്.

അര മണിക്കൂറിനകം അറബി തിിച്ച് സ്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു. അറബിക്ക് നൂറു മാര്‍ക്ക്, എനിക്ക് പൂജ്യം മാര്‍ക്ക്. 

സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ച് ഞാനടിച്ച ഡയലോഗ് എന്റെ ജീവിതം

ഗോപിയാക്കി.. തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ് , അറബിയുടെ തന്തക്ക് വിളിച്ച് തിരികെ നാട്ടിലേക്ക്...

ഇനി അറബി നാട്ടില്‍ ജോലി ചെയ്യാന്‍ എന്റെ പട്ടി വരും. എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്...

ഭാരത് മാതാ കീ ജെയ്.....

*********************************************************************

ഞാൻ ഈ കഥ പണ്ട് ഫേസ്ബുക്കിൽ നോട്ടയിട്ടു പോസ്റ്റ് ചെയ്തതാണ്
പിന്നീടത് ഒരുപാടുപേർ ഷെയർ ചെയ്തു അവരവുടെ പേജുകളിലും പിന്നെ ബ്ലോഗായിട്ടും 

No comments:

Post a Comment

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...