June 4, 2021

പ്രവാസിയുടെ മകൾ

ഏഴു ദിവസത്തെ ക്വാറിന്റയിൻ കഴിഞ്ഞു വീട്ടിലേക്കു പോവുകയാണ്. ഞാൻ സഞ്ചരിക്കുന്ന കാറിനു സ്പീഡ് തീരെ പോരാ എന്നു തോന്നിപ്പോയി. ഗൾഫിൽ നിന്നും ഞാൻ നാട്ടിൽ വന്നിട്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞിരുന്നു. എയർപോർട്ടിൽ ഇറങ്ങി ക്വാറിന്റിയിനിൽ ഇരിക്കാൻ വേണ്ടി ടൗണിൽ തന്നെയുള്ള ഹോട്ടലിൽ മുറി എടുത്തത്. ഏഴു ദിവസങ്ങൾ തള്ളി നീക്കിയത് എങ്ങനെയാണെന്നു എനിക്കു മാത്രമേ അറിയൂ. ടാക്സി ഡ്രൈവറോട് കാറിന്റെ സ്പീഡ് കൂട്ടാൻ പറഞ്ഞു. അയാൾ അയാളുടെ പ്രായത്തിന്റെ പക്വതാ കാരണം വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നതെന്നു തോന്നി. 

ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞതു അയാൾക്കു തീരെ ഇഷ്ടപ്പെട്ടില്ല. മാസ്ക് എടുക്കാതെ എന്നെ നോക്കി അയാൾ പരിഹാസത്തോടെ പറഞ്ഞു "ഇതു ഗൾഫ് അല്ല ഇവിടെ ഈ സ്പീഡു മാത്രമേ പറ്റു". ശരിയാണ് എന്റെ ഭാഗത്താണു തെറ്റ്! അയാൾ സാധാരണ സ്പീഡിൽ തന്നെയാണ് വണ്ടി ഓടിക്കുന്നത് പക്ഷെ എന്റെ മനസ്സുമുഴുവൻ വീട്ടിലേക്കു എത്രയും പെട്ടന്ന് തന്നെ എത്തിച്ചേരണം എന്നുമാത്രമേയൊള്ളു. എനിക്കു അയാളോട് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല. വർഷങ്ങൾക്കു ശേഷം വീട്ടിലേക്കു പോകുന്ന എന്റെ മനസ്സു മനസ്സിലാക്കാത്ത ദുഷ്ടനാണെന്നും, സൗഹൃദ സംഭാഷണങ്ങൾക്കു പോലും മടിക്കുന്ന പരുക്കനായ ഡ്രൈവറാണെന്നും എനിക്കു ചിലപ്പോൾ തോന്നിയതാകാം. കൂടുതൽ ആലോചിക്കാതെ ഇരിക്കുന്നതായിരിക്കാം നല്ലതു. ഇനി ഒന്നര മണിക്കൂർ എടുക്കും വീട്ടിലെത്തുവാൻ. അയാളോട് പ്രതേകിച്ചു ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടു ഞാൻ കാറിന്റെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു. കാറിലെ സ്റ്റീരിയോയിൽ ഏതോ പഴയ പാട്ടു ചെറിയ ശബ്ദത്തിൽ കേൾക്കാം. ഓർമകളെന്നെ പുറകോട്ടു കൊണ്ടു പോയി.

എന്നെ ഒരു പ്രവാസിയാക്കിയത് ജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും പിന്നെ സ്വപ്ങ്ങൾക്കു പിറകെയുള്ള ഓട്ടവുമാണ്. ഏതൊരു മലയാളിയെയും പോലെ കുറച്ചു പൈസ ഉണ്ടാക്കണം, ഒരു ചെറിയവീട്, പിന്നെ ഒരു കുടുംബം. പക്ഷെ എല്ലാ പ്രവാസിയെയും പോലെ ഒൻപതു വർഷമായിട്ടും വലിയതായി സമ്പാദിക്കാൻ ഒന്നും പറ്റിയില്ല. ഗൾഫിൽ പോയി ആറു വർഷം കഴിഞ്ഞാണു ഞാൻ കല്യാണം കഴിച്ചത്. 'കല്യാണം' അതൊരു വലിയ കഥയാണ്, നാട്ടിൽ എത്തിയിട്ടു വെക്കേഷൻ അടിച്ചുപൊളിക്കേണ്ട ഞാൻ ഒന്നരമാസം 'പെണ്ണുകണ്ടു' നടന്നു. പെണ്ണുകാണലിനു കൂടെ വരുന്ന ബന്ധുക്കൾ അഭിപ്രായം പറഞ്ഞതു കൊണ്ടു ഇഷ്ടപ്പെട്ട ഒട്ടുമിക്ക ബന്ധങ്ങളും വേണ്ടെന്നു വെച്ചു. അവസാനം എല്ലാര്ക്കും ഇഷ്ടപെട്ട ഒരു പെൺകുട്ടി ജീവിതത്തിലേക്കു കടന്നു വന്നു അതും ഗൾഫിലേക്ക് തിരിച്ചു പോകുന്നതിനു ഒരാഴ്ചമുമ്പ്. രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്കും ഭാര്യക്കും പറ്റാതെ വന്നപ്പോൾ ഞങ്ങൾ ഒരു വാടകവീട്ടിലേക്കു മാറി. രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന എനിക്കു ആ അവധിക്കാലം ഭാര്യയോടൊപ്പം വാടകവീട്ടിൽ തന്നെ ആഘോഷിക്കാൻ പറ്റി. രണ്ടുമാസത്തെ അവധി കഴിഞ്ഞു തിരിച്ചു ഗൾഫിലേക്കു തിരിച്ചുവരാൻ തുടങ്ങിയപ്പോഴാണ് അവൾ ആ സന്തോഷവാർത്ത എന്നോടു പറഞ്ഞതു 'ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നു' സന്തോഷവും അതിലേറെ സങ്കടവും തോന്നിയ നിമിഷം. ഇനി രണ്ടു വർഷം കഴിഞ്ഞു മാത്രമേ എന്റെ കുഞ്ഞിനെ കാണാൻ പറ്റൂ എന്നു ചിന്തിച്ചപ്പോൾ തിരിച്ചു ഗൾഫിലേക്കു പോകേണ്ട എന്നു തോന്നി പോയി. എന്റെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ടു പിന്നെയും ഞാൻ ഗൾഫിലേക്ക് തിരിച്ചു പോവുക എന്ന കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. 

പിന്നെ ഞാൻ ജീവിതം അടുത്തുകണ്ടതു മൊബൈലിൽ കൂടിയാണ്. എന്റെ മകളായ ദേവുവിന്റെ വളർച്ചയും പേരിടലും, ചോറൂണ് എല്ലാം ഒരു കാഴ്ചക്കാരനെ പോലെ കണ്ടുനിന്നു. അവൾ കരഞ്ഞു തുടങ്ങിയ നാൾമുതൽ, മുട്ടിലിഴഞ്ഞതും, പിച്ചവച്ചതും, കൊച്ചരിപല്ലു കാട്ടിയുള്ള ചിരിയും, "ചാച്ചാ" എന്നുള്ള കൊഞ്ചി വിളിക്കുന്നതും സ്നേഹം നിറച്ച ഉമ്മകൾ തരുന്നതുമെല്ലാം ഞാൻ മൊബൈലിൽ നിറകണ്ണുകളോടെ കണ്ടിട്ടുണ്ട്. എനിക്കേറ്റവും വേദന തോന്നിയിട്ടുള്ളത് നാട്ടിലേക്കു വിളിക്കുമ്പോൾ ചിലപ്പോൾ അവള് എന്തെങ്കിലുമൊക്കെ കഴിക്കുകയായിരിക്കും, എന്നെ കാണുമ്പോൾ അവൾ കഴിച്ചോണ്ടിരിക്കുന്നതു എനിക്കു നേരെ നീട്ടും. ഞാൻ അതു വാങ്ങി കഴിക്കുന്നതായി അഭിനയിക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണണം. കുഞ്ഞിനിപ്പോൾ മൂന്നുവയസ്സായി, ഒരു പക്ഷെ ഭാര്യ രമയോടു സംസാരിച്ചത്തിലും കൂടുതൽ ഞാൻ മോളോടായിരിക്കും സംസാരിച്ചിട്ടുള്ളത്, അതും ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലാവുന്ന ഭാഷയിൽ. 

അവളെ എടുക്കാനോ കൊഞ്ചിക്കാനോ എനിക്കു കഴിഞ്ഞിട്ടില്ല. രണ്ടു വർഷം കഴിയുമ്പോൾ നാട്ടിൽ വരാനിരുന്നതാണ്, പക്ഷെ അപ്പോഴാണ് കൊറോണ എന്ന വ്യാധി എല്ലായിടത്തും പടർന്നു പിടിച്ചത്. എന്റെ വെക്കേഷനു സമയമായപ്പോൾ ഗൾഫ് കൺട്രീസ് എല്ലാം ട്രാവൽ ബാൻ ചെയ്തു. അതുകാരണം പിന്നെയും ഞാൻ വെക്കേഷന് ഒരു വർഷം കൂടി നീട്ടി. ഇന്നെന്റെ കുഞ്ഞിനെ താലോലിക്കാനും, ഉമ്മകൊടുക്കാനും, കഥപറഞ്ഞു ആഹാരം വാരി കൊടുക്കാനും, അവൾ കുഞ്ഞികൈ കൊണ്ടു തരുന്നത് കഴിക്കാനുമെല്ലാം പറ്റും. ഓർത്തിട്ടു സന്തോഷം അടക്കാൻ കഴിയുന്നില്ല.

"ഇനി എങ്ങോട്ടാ പോകേണ്ടത്?" ഡ്രൈവറുടെ പരുക്കൻ ചോദ്യം കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്റെ ചിന്തകൾ കാരണം സമയം പോയതറിഞ്ഞതുമില്ല, റോഡിനിരുപ്പുറവുമുള്ള പുതിയ കാഴ്ചകളിലൊന്നും എനിക്കു കാണാനേ കഴിഞ്ഞില്ല. എന്തു കാണാൻ? എല്ലാരും മാസ്കിലാണ് അതാണു ഇപ്പോഴത്തെ കാഴ്ച! ഒരു പുഞ്ചിരിയോടെ ഞാനോർത്തു. പ്രധാന കവലയെത്തിയിരിക്കുന്നു, ഡ്രൈവർക്ക്‌ ഞാൻ വഴി പറഞ്ഞു കൊടുത്തു. ഹോട്ടലിനു പുറപ്പെട്ടപ്പോൾ തന്നെ ഗൂഗിൾ മാപ്പു അയച്ചുകൊടുത്തത് മതിയായിരുന്നു. പക്ഷെ എന്റെ മനസ്സിലെ മറ്റു ചിന്തകളൊക്കെ അതിനൊന്നും അനുവദിച്ചില്ല. ഇപ്പോൾ ഞങ്ങൾ എന്റെ വീടിനു അടുത്തുള്ള റോഡിലെത്തി. ഇനിയങ്ങോട്ടു ഒറ്റവരി പാതയാണ് അതുകൊണ്ടു വീട്ടിലിലേക്കു വണ്ടി പോവില്ല. കാറു നിർത്തി ഞാൻ സാധങ്ങൾ എല്ലാം എടുത്തു പുറത്തു വെച്ചു ഡ്രൈവർക്കു കാശുകൊടുത്തു അയാളെ പറഞ്ഞു വിട്ടു. ഇനി അടുത്ത അവധിക്കു നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ നിന്നും എനിക്കു വീട്ടിലേക്കു വരാൻ വീടിനു അടുത്തുള്ള ആരെയെങ്കിലും വിളിച്ചാൽ മതിയെന്നു മനസ്സിൽ കരുതി. കൊറോണ കാലമായതുകൊണ്ടു കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും ഭാര്യക്കുള്ള കുറച്ചു സാധനങ്ങളും മാത്രമേ വാങ്ങിയുള്ളു. എല്ലാ പ്രവിശ്യവും കൊണ്ടുവരാനുള്ള വലിയ പെട്ടികളൊന്നും തന്നെയില്ല എന്നൊരു സമാധാനമുണ്ട്. അവളും കുഞ്ഞും വീട്ടിൽ ഒറ്റയ്ക്കായതു കൊണ്ടു ഞാൻ വരുമ്പോൾ റോഡിൽ വന്നു നിൽക്കേണ്ട എന്നു ഹോട്ടലിൽ നിന്നും യാത്ര തിരിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു. 

കയ്യിലുള്ള ആ ചെറിയ പെട്ടിയുമായി ഞാൻ വീട്ടിലേക്കു നടന്നു നീങ്ങി. ചുറ്റുപാടുകൾ ആകെ മാറിയിരിക്കുന്നു വീടിനു മുൻപിൽ ഉണ്ടായിരുന്ന റബർ തോട്ടമെല്ലാം വെട്ടി വെളിപ്പിച്ചിരിക്കുന്നു. എനിക്കു ദൂരെനിന്നേ വാടകവീടിന്റെ മുൻവശം കാണാം. രമ വരാന്തയിൽ എന്നെ നോക്കി നിൽക്കുന്നു. മോൾ അടുത്തവീടുകളിലെ കുഞ്ഞുങ്ങളുമായി മുറ്റത്തു കളിക്കുന്നു. വീട് അടുക്കുന്തോറും എന്റെ നടപ്പിന്റെയും ഹൃദയമിടിപ്പിന്റെയും വേഗം കൂടി. ഭാര്യയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവും എനിക്കു അടുത്തു കാണാം. ഫോണിൽകൂടി കാണുന്നതുപോലെയല്ല അവൾ കുറച്ചു തടിച്ചു. ഞാൻ വീടിന്റെ മുൻപിൽ എത്തിയപ്പോഴേക്കും അവൾ മോളോടു വിളിച്ചു പറഞ്ഞു "ദേവൂട്ടി ദേ ചാച്ചാ വരുന്നു" അതു കേട്ടതും കുഞ്ഞു അവൾ കളിച്ചു കൊണ്ടിരുന്നിടത്തു നിന്നും എഴുന്നേറ്റു എന്നെ നോക്കി. പിന്നെയവൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു എന്റെ അടുത്തേക്ക് "ചാച്ചേ" എന്നു വിളിച്ചുകൊണ്ടു ഓടിവരുന്നു. “ഓടാതെ പതിയെ പോ മോളെ" അവളുടെ അമ്മയുടെ വിലക്കുകൾ ഒന്നും കേട്ടതായി ഭാവിക്കാതെ ദേവുവിന്റെ കുഞ്ഞിക്കാലുകൾ എന്നിലേക്ക്‌ അടുക്കുന്നു. എന്റെ സർവ്വ നിയന്ത്രണവും വിട്ടുപോയി, കണ്ഠമിടറി, എന്റെ കൈകളിലിൽ നിന്നും സാധനങ്ങൾ താഴേക്കു വഴുതിവീണു. ഓടിവരുന്ന മോളെ കോരിയെടുക്കാനായി ഞാനും അവളുടെ അടുത്തേക്ക് ഓടി. സന്തോഷവും സങ്കടവും കാരണം എന്റെ കണ്ണുകൾ നിറഞ്ഞു മുൻപിലുള്ളതെല്ലാം അവ്യക്താമായിരുന്നു. പെട്ടന്നായിരുന്നു എന്റെ കാലുകൾ തറയിലുള്ള എന്തിലോ തട്ടി. കാലുകളുടെ ബാലൻസ് മുഴുവൻ പോയി ഞാൻ താഴേക്കു വീണു. ആ വീഴ്ചയിൽ തല ശക്തമായി തറയിൽ ഇടിച്ചു. തലകറങ്ങുന്നു, കാഴ്ച പൂർണമായും മങ്ങി, ബോധം മറഞ്ഞു. ആരോ വിളിക്കുന്നുണ്ട്! എനിക്ക് കണ്ണുതുറക്കാൻ ആഗ്രഹമുണ്ട് പക്ഷെ കഴിയുന്നില്ല. എന്റെ അടുത്തേക്ക് ഓടിവന്ന പൊന്നോമന എവിടെ? മഴപെയ്യുന്നുണ്ടോ? ആ അറിയില്ല! പക്ഷെ മുഖത്തു വെള്ളം വീഴുന്നുണ്ട്. അതെ മുഖത്തു ആരോ വെള്ളമൊഴിച്ചതാണ്. മുന്നിലുള്ള രൂപങ്ങൾ കുറേശേ തെളിഞ്ഞു വരുന്നു. മങ്ങിയ വെളിച്ചത്തിൽ ഹിന്ദിക്കാരൻ റൂം മേറ്റിന്റെ ദയനീയ മുഖം കണ്ടു. 

ഇതെങ്ങനെ നാട്ടിലെത്തിയ ഞാൻ എനിക്കു ചുറ്റും ഗൾഫിലുള്ള സുഹൃത്തുക്കൾ? ഞാൻ ഇപ്പോൾ എന്റെ റൂമിലെ തറയിൽ കിടക്കുന്നു. എന്നെ ആരൊക്കയോ ചേർന്നു കട്ടിലിൽ കിടത്തി. ഇപ്പോഴെനിക്ക്‌ ചുറ്റുമുള്ള ആളുകളുടെയും മുഖങ്ങൾ വ്യക്തമായി കാണാം, ക്യാമ്പിലെ മിക്കവരുമുണ്ട്. "ദോഡ പാനി പീലോ ഭായി" റൂംമേറ്റു വെള്ളവുമായി വന്നു. ഞാനതു വാങ്ങി കുടിച്ചു. "നിനക്ക് വല്ലതും പറ്റിയോ സുകു? നിനക്ക് എന്താ ഉറക്കത്തിൽ നടക്കുന്ന അസുഖമുണ്ടോ? ഫൈസലിക്കയാണ് ചോദിച്ചത്. എനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. നാട്ടിലേക്കു വെക്കേഷന് പോയതും ക്വാറിന്റയിനിലിരുന്നതും എന്റെ കുഞ്ഞിനെയും ഭാര്യയെയും കണ്ടതുമെല്ലാം സ്വപനങ്ങൾ ആയിരുന്നു എന്നു എങ്ങനനെയാ പറയുക. മോളെ എടുക്കാനുള്ള ത്വരയിൽ ബെഡിൽ നിന്നും എഴുന്നേറ്റു ഓടിയിരിക്കണം, നാട്ടിൽ കൊണ്ടുപോകാനായി വാങ്ങി വെച്ചതൊക്കെ തറയിൽ ഇരിക്കുന്നു. അതിലാണു എന്റെ കാലു തട്ടി റൂമേറ്റിന്റെ കട്ടിലിൽ തലയിടിച്ചു വീണതു. അതായിരിക്കണം അവൻ ഭയന്ന് എന്നെ നോക്കിയത്. ഉറക്കത്തിൽ പ്രതീക്ഷിക്കാതെ വല്ലതും സംഭവിച്ചാൽ ആരായാലും പേടിക്കും. എനിക്കെല്ലാം പെട്ടന്നുതന്നെ മനസ്സിലായി. "Dreams are graphical virtual entertainment". സ്വപ്‌നങ്ങൾ അങ്ങനെയാണ് ചിലപ്പോൾ നമ്മളെ സന്തോഷിപ്പിക്കും, സങ്കടപെടുത്തും, മറ്റുചിലപ്പോൾ മനോഹര കാഴ്ചകൾ സമ്മാനിക്കും, ജീവിക്കാനുള്ള പ്രേരണ നൽകും. 

എൻ്റെ  വീഴ്ചയും അതിനെ തുടർന്നുണ്ടായ റൂമേറ്റിന്റെ പേടിച്ചുള്ള നിലവിളിയും അലർച്ചയും കേട്ടിട്ടാകണം അടുത്തുള്ള റൂമിലുള്ളവരെല്ലാം ഇപ്പോൾ ചുറ്റിനുമുണ്ട്. "എല്ലാരും പോയി കിടന്നോളു". അവിടെ നിന്നോവരോടായി ഫൈസലിക്കാ പറഞ്ഞുകൊണ്ടു എന്റെ ബെഡിൽ വന്നിരുന്നു. "നിനക്ക് വേദനയുണ്ടോ? താഴെ വീണതല്ലേ? തലയും ഇടിച്ചു അല്ലെ?. പോട്ടെ സാരമില്ല, നീ ഈ ബാം പുരട്ടു ഇല്ലെങ്കിൽ വേദന കൂടും" ഇക്ക ബാമിന്റെ കുപ്പി എനിക്ക് തന്നു. ഞാൻ കുറച്ചു ബാം എടുത്തു നെറ്റിയിലും കയ്യിലും പുരട്ടി. "ഇപ്പോൾ വേദന കുറവുണ്ട്" ഞാൻ പറഞ്ഞു. വെക്കേഷനു നാട്ടിൽ പോയതും ഭാര്യയെയും മകളേയും സ്വപ്നത്തിൽ കണ്ടതും ഞാൻ ഇക്കയോട് പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഇക്കയെന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു "മൂന്നുവര്ഷമായില്ലേ നീ നാട്ടിൽ പോയിട്ട് ? ചിലപ്പോൾ അങ്ങനെയാണ് യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ പറ്റാതെ വരുമ്പോൾ മനസ്സിനുണ്ടാവുന്ന അവസ്ഥായാണിത്, സാരമില്ല."

 "ഓരോത്തർക്കും പലതരത്തിലാണ് പ്രയാസങ്ങൾ അനുഭവപ്പെടുക, ചിലർക്ക് ഉറക്കമായിരിക്കും പ്രശ്നം. പലരും പറയുന്നത് നീ കേട്ടിട്ടില്ലേ സുകു, ഉറങ്ങാൻ കഴിയുന്നില്ല, കുറച്ചുമാത്രമേ ഉറങ്ങാൻ പറ്റുന്നുള്ളു എന്നൊക്കെ. മിക്കവരും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉറക്കത്തിൽ കൂടിയായിരിക്കും സാധിക്കുന്നത്. ചിലർ ഉറക്കത്തിൽ സംസാരിക്കും, ചിലപ്പോൾ നിന്നെപ്പോലെ എഴുനേറ്റുനടക്കും! ", ഇക്ക എന്നെ തന്നെ നോക്കിയിരുന്നു. അനുഭവങ്ങൾ ഒരുപാടുള്ള ഒരു സാഹിത്യകാരനെപ്പോലെ ഇക്ക വീണ്ടും പറഞ്ഞു തുടങ്ങി "മാസികമായ പ്രയാസം കൂടുമ്പോൾ സമനിലതെറ്റി ചിലർ ആത്മഹത്യാ ചെയ്യും, പ്രവാസികൾക്ക് മിക്കവാറും ഉറക്കമില്ലാത്ത രാവുകൾ ആയിരിക്കും, ഉറങ്ങാനായി കിടക്കുമ്പോൾ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ, ചിന്തകൾക്കു അങ്ങനെ പലതും. കുടുംബം കൂടെയില്ലാത്ത പ്രവാസികൾക്കു കാലം കഴിയുന്തോറും ചിലപ്പോൾ ഓരോതരം മാനസിക വിഭ്രാന്തികളാണ് ഉണ്ടാവുക. ചിലർക്ക് സമനിലതെറ്റും, സ്ഥാലകലാബോധം നഷ്ടപ്പെടും. നമ്മുടെയൊക്കെ ജീവിതം ഒരു തപസ്സാണ്! പ്രിയപ്പെട്ടവർക്കുവേണ്ടി നമ്മൾ ചെയ്യുന്ന തപസ്സ്. ജീവിതത്തിന്റെ അവസാനം ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നുവെന്നു ആരെങ്കിലും ചോദിച്ചാൽ 'പ്രവാസം' അതൊരു ഒരു സമസ്യ ആണെന്നു എന്നുപറയേണ്ടിവരും. പ്രവാസത്തിൽ ഇതൊക്കെ സർവസാധാരണമാണ്. നിന്നെ പോലെ തന്നെ മിക്കവരും അവരുടെ കുടുംബവും കുട്ടികളെയുമൊക്കെ നാട്ടിലുപേക്ഷിച്ചു വന്നവരാണ്." "നമ്മളുടെ അനുഭങ്ങൾ, ബുദ്ധിമുട്ടുകൾ ആർക്കും മനസ്സിലാവില്ല, ആരോടും പറഞ്ഞാൽ മനസ്സിലാക്കുകയുമില്ല. അത് അനുഭവിച്ചു തന്നെ അറിയണം. നമ്മളിൽ മിക്ക ആളുകൾക്കും പലതരം മാനസികമായി പ്രശനങ്ങൾ ഉള്ളവരാണ്". " നീ കണ്ട സ്വപ്നങ്ങളൊക്കെ ഒരുതരം വിഭ്രാന്തിയുടെ ഭാഗങ്ങളാണ്, പോട്ടെ സാരമില്ല. ഒന്നും ആലോചിക്കേണ്ട ദൈവത്തെ വിളിച്ചു കിടക്കു". "സുബ്‌ഹ്‌ വിളിക്കാറായി, രാവിലെ എഴുനേൽക്കേണ്ടേ? " ഒരു നെടുവീർപ്പോടെ ഇക്ക എഴുന്നേറ്റു പോയി. 

ഞാൻ കാരണം ഉറക്കം പോയ പാവം റൂമേറ്റു റൂമിലെ ലൈറ്റ് ഓഫാക്കി കിടന്നു. വീട്ടിലേക്കു വിളിച്ചാലോയെന്നു ഒരുനിമിഷം ആലോചിച്ചു , വേണ്ടാ! അവളും കുഞ്ഞും സുഖമായി ഉറങ്ങട്ടെ ഇന്നലെ രാത്രിൽ നാട്ടിലെ ഒരുമണിവരെ സംസാരിച്ചതാണ്. ഇന്നു പ്രിയപ്പെട്ടവർ മൊബൈലെന്ന വിരത്തുമ്പിലാണ്, പണ്ടൊക്കെ ഈ സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലവുമുണ്ടായിരുന്നു. മാസങ്ങളെടുത്തുള്ള കത്തിടപാടുകളും, മാസത്തിലൊരിക്കലുള്ള ഫോൺ വിളികളുമുള്ള ഒരുകാലവുമുണ്ടായിരുന്നില്ലേ?. ഈ നശിച്ച കൊറോണ കാരണം മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുന്നു. വെക്കേഷന് പോകാൻ പറ്റാത്തതിലുള്ള സങ്കടം ഒരുവശത്തും, നാട്ടിലുള്ള പ്രിയപ്പെട്ടവർക്കു കൊറോണ ബാധിക്കരുതേ എന്ന പ്രാർത്ഥന മറുവശത്തും. എല്ലാ ദുരിതങ്ങളും മാറി ഒക്കെ ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം മാത്രമേ ഇപ്പോഴൊള്ളു. ഇനി കിടന്നാലും ഉറക്കം വരില്ല എന്നറിയാം എങ്കിലും ഞാൻ കണ്ണുകളടച്ചു കിടന്നു.

No comments:

Post a Comment

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...