June 5, 2021

പ്രവാസി



അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!  കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം

എന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസിയാകണം, കോടികള്‍

സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം,

ലോറി വാങ്ങണം, ആനേ വാങ്ങണം...

ഹോ എത്രയെത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്

ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ എന്നറിയപ്പെടാനായിരുന്നു

എനിക്ക് വിധി.

അങ്ങനെയിരിക്കെയാണു എന്നിലെ ഗള്‍ഫ് മോഹം

പിന്നെയും തല പൊക്കിയത്, കൂടെയൊരു ചോദ്യവും.. ഏത് രാജ്യത്ത് പോകണം?

സൌദി ഈസ് എ ഡേര്‍ട്ടി കണ്ട്രി..

അവിടെ കള്ളു കുടിച്ചാല്‍ തല വെട്ടുമത്രേ!!!

ദുബൈ ഈസ് എ നോട്ടി കണ്ട്രി..

അവിടെ കാശു പോകാന്‍ നൂറു

വഴിയുണ്ടത്രേ!!! പിന്നെയോ?

ആ ചോദ്യത്തിനുള്ള ഉത്തരാമായിരുന്നു ഖത്തര്‍.

സൌദിയടെ സ്ട്രിക്റ്റും, ദുബൈയുടെ ഫിറ്റുംഉള്ള കണ്ട്രി.

അങ്ങനെ അടിയന്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു.


എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം...

എത്രയെത്ര കടമ്പകള്‍!!!

ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ എന്നെ സഹായിച്ചു. അവന്റെ കമ്പനിയിലെ ഐ.ടി. മാനേജരായി എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത

ശമ്പളവും. അന്നു തന്നെ കമ്പനിയില്‍ രാജിക്കത്ത് നല്‍കി. ഓ സോറി...

ഐ.ടി. കമ്പനിയില്‍ രാജികത്ത് നല്‍കിയെന്ന് പറയാന്‍ പാടില്ല, "പേപ്പര്‍ ഇട്ടു" എന്നാണു ശരിയായ പ്രയോഗം. അതായത് 'സാര്‍, ഈ

കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളിലെത്തിച്ചു എന്നും, ഇനി ഉയരാന്‍

സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പനിയെ ബോധിപ്പിച്ച് കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.

ഇങ്ങനെ പേപ്പര്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ്:

അതായത്, നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി

മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി കമ്പനിയെ ഒരു മാസം കൂടി സേവിക്കണം.

എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക്

അറിയാവുന്നതിനാലും, ഞെക്കിപ്പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും

ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എന്റെ നോട്ടീസ് പിരീഡ്

അവര്‍ 3 ദിവസമായി വെട്ടിച്ചുരുക്കി.ഒരു പക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍

ചെയ്ത് ഒരു മാസത്തെ കറന്റ് കളയുന്നതിലും നല്ലതിതാണെന്ന് അവര്‍ ചിന്തിച്ച്

കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ്

സര്‍ട്ടിഫിക്കേറ്റ്: ഇത് പ്രത്യേകിച്ച് ഒന്നുമല്ല, എല്ലാ

ഡിപ്പാര്‍ട്ട്‌മെന്റിലും നടന്ന് ഞാനൊന്നും തല്ലിപ്പൊട്ടിക്കുകയോ, നശിപ്പിക്കുകയോ

ചെയ്തിട്ടില്ലെന്ന് ഒപ്പിട്ട് വാങ്ങണം. ഡെവലപ്മെന്റ്, ഫിനാന്സ്, എച്ച്.ആര്‍.,

ഒടുവില്‍ അങ്ങനെ ലൈബ്രറിയിലെത്തി...

ലൈബ്രേറിയന്റെ മുഖത്തൊരു ചോദ്യ ഭാവം:

"എന്താ?"

"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരൊപ്പ് വേണം"

"ആരാ?"

"ഞാന്‍ മനു, ഇവിടത്തെ എംപ്ലോയിയാ"

ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു

പുച്ഛ സ്വരത്തില്‍ അയാള്‍ പറഞ്ഞു:

"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലാലോ"

അതായത് എഴുത്തും വായനയും അറിയാത്ത ഒരു ഏഴാം കൂലിയാണു ഞാനെന്ന് വ്യാംഗ്യാര്‍ത്ഥം. ഒപ്പിട്ട് പേപ്പര്‍ കയ്യില്‍ കിട്ടുന്നത് വരെ ഒന്നും മിണ്ടിയില്ല, പേപര്‍ കിട്ടിയപ്പോള്‍ പതിയെ ചോതിച്ചു:

"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"

"ലൈബ്രേറിയന്‍ ലൈബ്രറിയിലല്ലേ ഇരിക്കേണ്ടത്?"

അയാളുടെ മറു ചോദ്യം. ഇത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു

പേപ്പറിലും, അലമാരയിലിരിക്കുന്ന പത്ത് ബുക്കിലും നോക്കിയിട്ട്, മുഖത്ത് മാക്സിമം

പുച്ഛ ഭാവം വരുത്തിയിട്ട് ഞാന്‍ ചോദിച്ചു: "അപ്പോ ഇതിനാണു ലൈബ്രറി എന്ന് പറയുന്നത്, അല്ലേ?:

ഠിം!!!! 

ലബ്രേറിയന്റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ്

ഇന്റര്‍വ്യൂ:

ഏതൊരു എംപ്ലോയിയും കമ്പനി വിട്ടു പോകുന്നതിനു

മുമ്പേ, അവരെ അവിടെ തന്നെ നില നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോന്ന് അറിയാനുല്ല അവസാന ശ്രമം. എച്ച്.ആര്‍ മേഡവും,പ്രൊജക്റ്റ് മാനേജറും കൂടിയാണിത് സാധാരണ ചെയ്യുനത്.

"എന്താണു മനു ഈ ജോലി വിടാന്‍ കാരണം?"

ഇത് വളരെ അര്‍ത്ഥ രഹിതമായ ചോദ്യമാണ്.

കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും നല്ല

ശമ്പളവും കിട്ടിയിട്ടാണവന്‍ പോകുനതെന്ന്. എന്നിട്ടും ഇപ്പോഴും അതേ

ചോദ്യം.. എങ്കിലും സത്യം മറച്ച് വെച്ച് ഞാന്‍ മറുപടി നല്‍കി:

"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത്

ജീവിക്കണമെന്നാണു ആഗ്രഹം"

എച്ച്.ആറിന്റെ കണ്ണു തള്ളി...

അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന്

വെച്ചാല്‍....?

:എന്റെ കഴിവുകളൊക്കെ ഇനി ആ മേഖലയില്‍

പ്രയോഗിക്കണമെന്നാണെന്റെ ലക്ഷ്യം"

"വാട്ട് യൂ മീന്‍?"

"ഐ മീന്‍, കോഡിംഗിലൂടെ ഞാറു നടുക, ആന്റി

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റൊബോട്സിനെ യൂസ് ചെയ്ത് നെല്ലു

പറിക്കുക, എക്സട്രാ, എക്സട്രാ.."

ഠോ.. ഠോ... ഠോ....

കുറച്ച് നേരം തൃശൂര്‍ പൂരം കഴിഞ്ഞ നിശ്ശബ്ദത.

എച്ച്.ആര്‍ മേഡത്തിനും, പ്രൊജക്റ്റ്‌ മാനേജര്‍ക്കും അനക്കമില്ല, ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച

നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു. ഒടുവില്‍ കുറേ നേരത്തെ

നിശ്ശബ്ദതക്ക് ശേഷം പ്രൊജക്റ്റ് മാനേജര്‍ പതുക്കെ പറഞ്ഞു,

മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍

ഞങ്ങള്‍ക്ക് വളരേ വിഷമമുണ്ട്, ബികോസ്.. ബികോസ്?

"ബികോസ് യൂ ആര്‍ ആന്‍ അസറ്റ്"

ഞാനൊരു അസത്താണെന്ന്!!!

അതേ, ഞാനൊരു അസത്താണ്.

ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍

ശേഖറുണ്ടായിരുന്നു, അവനോടൊപ്പം റൂമിലേക്ക്. അന്നവിടെ അന്തിയുറങ്ങി, പിറ്റേ ദിവസം

രാവിലെ ഓഫീസിലേക്ക്... ജോലിക്ക് കേരുന്നതിനു മുമ്പേ അറബിയുടെ

അനുഗ്രഹം വാങ്ങുന്നതിനായി അങ്ങേരുടെ റൂമില്‍ കയറി. ഈ അറബി, അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്നത് പോലൊന്നുമല്ല, അവരും മനുഷ്യരാ. നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വെച്ച്, ബബിള്‍ഗവും ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ പാത്തുമ്മാടെ ആട് കസേരയില്‍ കേറിയിരിക്കുവാണോന്ന് തോന്നിപ്പോകും.

എന്തായാലും ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ്

ഇംപ്രഷന്‍ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ പതിയേ പറഞ്ഞു,

"ഗുഡ് മോണിങ്ങ് സാര്‍"

അറബി എന്നെയൊന്ന് നോക്കി, കണ്ണു കൊണ്ട്

എന്നോട് ഇരിക്കന്‍ പറഞ്ഞു. എന്റെ സെര്‍ട്ടിഫിക്കെറ്റെല്ലാം നോക്കിയിട്ട് അറബി

ചോദിച്ചു:

"ദുയുനോ ഇന്താനെറ്റ്?"

കര്‍ത്താവേ!!!

ഇതെന്ത് ഭാഷ??

അന്തം വിട്ട് നില്‍ക്കുന്ന എന്നോട് അങ്ങേര്‍

വീണ്ടും ചോദിച്ചു:

"ദൂയുനോ തൈപിങ്?"

ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ല, എനിക്ക് അറബി

അറിയില്ലെന്ന് ഇങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും. അതിനാല്‍

രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു:

"ഐ ഡോണ്ട് നോ അറബിക്, പ്ളീസ് സ്പീക് ഇന്‍

ഇംഗ്ളീഷ്"

എന്റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി

അറിയില്ലാ, ദയവായി ഇംഗ്ളീഷില്‍ സംസാരിക്കൂ..

അത് കേട്ടതോടെ അങ്ങേര്‍ ചാടിയെഴുന്നേറ്റ്

കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യ വിക്ഷേപത്തോടെ ഭയങ്കര ബഹളം. അമ്പരന്ന് പോയ

ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറതേക്ക് നോക്കി....

പൊന്നു ശേഖറേ, ഓടി വാടാ..

രക്ഷിക്കെടാ....

അപകടം മണത്ത ശേഖര്‍ അകത്തേക്ക് കുതിച്ച് വന്ന്, അറബിയോടെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നേയും കൊണ്ട് പുറത്തു ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്?

എന്തിനാ അറബി ചൂടായത്??

ഓഫീസില്‍ എന്റെ കസേരയില്‍ പോയിരുന്നിട്ടും

എനിക്കൊരു പിടിയും കിട്ടുന്നില്ല. മറുവശത്ത് ഇരിക്കുന്ന ശേഖറാണെങ്കില്‍

 ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ എന്നെ ഇടക്കിടെ നോക്കുന്നുമുണ്ട്. ഒടുവില്‍

ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന്

ചോദിച്ചു:

"എന്താ അളിയാ പറ്റിയത്?"

"നിനക്ക് ഇന്റര്‍നെറ്റ് അറിയില്ലേ?" അവന്റെ

മറു ചോദ്യം.

"അറിയാം".

"പിന്നെ 'ഡൂ യൂനോ ഇന്റെര്‍നെറ്റ്' എന്ന് അറബി

ചോദിച്ചപ്പോ നീയെന്താ മിണ്ടാഞ്ഞത്?"

ങ്ങേ!!

അറബി അങ്ങനെ ചോദിച്ചോ?

അതെപ്പോ??

ഉടനേ അറബിയുടെ ആദ്യ ചോദ്യം മനസ്സില്‍ അലയടിച്ചു...

ദുയുനോ ഇന്താനെറ്റ്?

ദു യൂ നോ ഇന്താനെറ്റ്??

ഡു യൂ നോ ഇന്തര്‍നെറ്റ്???

കര്‍ത്താവേ!!!

ഇതെന്ത് ചോദ്യം?

അപ്പൊ എന്തായിരുനു അടുത്ത ചോദ്യം..

രണ്ടാമത്തെ ചോദ്യം തനിയേ ഒന്ന് ഡീകോഡ് ചെയ്ത് നോക്കി...

ദുയുനോ തൈപിങ്?

ദു യൂ നോ തൈപിങ്??

ഡൂ യൂ നോ ടൈപിംഗ്???

ഹാവൂ... സന്തോഷമായി ശേഖരേട്ടാ, സന്തോഷമായീ...

നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന ആ

മഹാനോടാണു ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ പറയണമെന്നും വെച്ച് കാച്ചിയത്.

ദൈവമേ, ഈ "ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍" എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല മതിപ്പായിക്കാണും.

എന്റെ കഷ്ട കാലം അവിടെ

ആരംഭിക്കുകയായിരുന്നു...

ഐ.ടി.മാനേജര്‍ എന്ന പേരും, കംപ്യൂട്ടറിന്റെ

മോണിറ്റര്‍ തുടക്കുന്ന പണിയും!!!

എങ്കിലും കിട്ടുന്ന ശമ്പളവും,

സമ്പാദിക്കണമെന്നുള്ള ആഗ്രഹവും എന്നെ അവിടെ പിടിച്ചു നിര്‍ത്തി.

അങ്ങനെയിരിക്കേ ഒരു ദിനം...

"എടാ നിന്നെ അറബി വിളിക്കുന്നു" ശേഖര്‍.

"എന്നാത്തിനാ?"

"ഈ കമ്പനി എഴുതി തരാനായിരിക്കും"

പോടാ പുല്ലേ!!!

റൂമില്‍ ചെന്നപ്പോള്‍ അറബി കാര്യം

അവതരിപ്പിച്ചു, മെയ്‌ന്‍ ഓഫ്ഫീസിലെ കംപ്യൂട്ടറില്‍  നിന്നും അറബിയുടെ

വീട്ടിലെ കംപ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ. അതിനു ഞാനൊരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.

യെസ് സാര്‍, ഐ വില്‍ ഡൂ.

തിരികെ ശേഖറിന്റെ അടുതെത്തിയപ്പോള്‍ അവന്‍

പറഞ്ഞു: "അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പതു കിലോമീറ്റര്‍ ദൂരമുണ്ട്"

കടവുളേ!!!

നാല്‍പതു കിലോമീറ്റര്‍ വയറു വലിക്കാനോ??

തല കറങ്ങുന്നതു പോലെ തോന്നി, വീഴാതിരിക്കാന്‍

ശേഖറിന്റെ കയ്യില്‍ പിടിച്ചു. ബോധം വന്നപ്പോള്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ

മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:

"സാര്‍, ഇറ്റ് ഈസ് ഇംപോസിബ്‌ള്‍"

"നതിംഗ് ഈസ് ഇംപോസിബ്‌ള്‍" അറബി.

"ദെന്‍, ദിസ് ഈസ് നതിംഗ്" ഞാന്‍.

അതില്‍ ഞാന്‍ സ്കോര്‍ ചെയ്തു, എനിക്ക് നൂറു മാര്‍ക്ക്, അറബിക്ക് പൂജ്യം മാര്‍ക്.

അര മണിക്കൂറിനകം അറബി തിിച്ച് സ്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു. അറബിക്ക് നൂറു മാര്‍ക്ക്, എനിക്ക് പൂജ്യം മാര്‍ക്ക്. 

സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ച് ഞാനടിച്ച ഡയലോഗ് എന്റെ ജീവിതം

ഗോപിയാക്കി.. തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ് , അറബിയുടെ തന്തക്ക് വിളിച്ച് തിരികെ നാട്ടിലേക്ക്...

ഇനി അറബി നാട്ടില്‍ ജോലി ചെയ്യാന്‍ എന്റെ പട്ടി വരും. എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്...

ഭാരത് മാതാ കീ ജെയ്.....

*********************************************************************

ഞാൻ ഈ കഥ പണ്ട് ഫേസ്ബുക്കിൽ നോട്ടയിട്ടു പോസ്റ്റ് ചെയ്തതാണ്
പിന്നീടത് ഒരുപാടുപേർ ഷെയർ ചെയ്തു അവരവുടെ പേജുകളിലും പിന്നെ ബ്ലോഗായിട്ടും 

പ്രവാസം



 ചക്രവ്യൂഹം തോൽക്കുമീ പ്രവാസം 

അഭിമന്യുപോൽ ഉഴലുകയാണിപ്പോഴും 

നഷ്ടങ്ങളൊക്കെയും    നിഴലാണെനിക്കെന്നും

ഇഷ്ടങ്ങളൊരുപിടി  ഓർമകളാകുന്നു  

കഷ്ടനഷ്ട കണക്കെടുപ്പിലൊരിക്കലും

എങ്കിലും വരിക്കുമീ പ്രവാസം ജീവിത നിഷ്‌ഠയായി

ടിപ്പ്‌


 

ഇന്നലെ  എന്റെ  പിറന്നാള്‍ ആയിരുന്നു, ചങ്ങാതിമാര്‍ അഞ്ചു പേരും രണ്ടു ദിവസം മുന്‍പുതന്നെ ആ കാര്യം എന്നെ ഓര്‍മിപ്പിച്ചു. എല്ലാര്ക്കും 'ചിലവ്'   വേണമെന്നു നിർബന്ധം അതും ലഞ്ച്.

ഇപ്പോൾ എനിക്ക് മാത്രമാണ് ജോലിയുള്ളത്, കീശ കാലിയായത് തന്നെ എന്തായാലും വേണ്ടിയില്ല എൻ്റെ കൂട്ടുകാര്‍ അല്ലെ അവര്‍ ഇന്ന് എന്തായാലും അവര്‍ക്ക് ചിലവു ചെയ്തിട്ട് തന്നെ കാര്യം ഞങ്ങള്‍ ആറുപേരും കൂടി നഗരത്തിലെ മുന്തിയ ഹോട്ടലില്‍ തന്നെ കയറി എല്ലാവര്ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്തു,

അവന്മാര്‍ക്ക് എന്തുമാകാമല്ലോ,  ഞാനാണ്‌ അവന്മാരുടെ ഇര, എൻ്റെ  കളസം കീറിയത് തന്നെ. നല്ല ആഹാരം,മാന്യമായി പെരുമാറുന്ന സപ്ലയര്‍. കഴിച്ചു കഴിഞ്ഞപ്പോള്‍ എല്ലാര്ക്കും സന്തോഷമായി 

ആഹാരം ഞങ്ങളുടെ പത്രങ്ങളിലേക്ക് വിളമ്പി തരുകയും നല്ല പെരുമാറ്റം- കാഴ്ചവെക്കുകയും ചെയ്ത സപ്ലയര്‍ക്ക് എന്തെങ്കിലും ടിപ്പ് കൊടുകണം. ബില്‍ കൊടുത്തതിന്റെ ബാക്കിയുണ്ടായിരുന്ന ഇരുപത്തിരണ്ടു് രൂപ അയാള്‍ക്ക് ടിപ്പ് നല്‍ക്കി,

പൈസ കിട്ടിയ അയാളുടെ മുഖത്ത് സന്തോഷം, എന്നോട് അയാള്‍ നന്ദി പറഞ്ഞു. 

ഹോട്ടലിനു പുറത്തേക്കിറങ്ങിയ ഞങ്ങളുടെ മുന്‍പിലേക്ക് ഒരു ഭിക്ഷക്കാരന്‍ കൈനീട്ടി കടന്നു വന്നു. ഒരു വൃദ്ധന്‍, വെയില്‍ കൊണ്ടിട്ടാകണം അയാള്‍ നന്നേ ക്ഷീണിച്ചിരുന്നു  വിശപ്പ്‌ സഹിക്കാന്‍ വയ്യാത്രെ എന്റെ  കൈയില്‍ ഉണ്ടായിരുന്ന പേഴ്സ് തുറന്നു നോക്കി. എല്ലാം പത്തിന്റെയും അന്‍പതിന്റെയും നൂറിന്റെയും നോട്ടുകള്‍, ചില്ലറ തുട്ടുകള്‍ക്കായി ഞാന്‍ കീശയില്‍ പരാതി. രണ്ടു രൂപയുടെ ഒരു നാണയം കൈയില്‍ തടഞ്ഞു. ആകെയുണ്ടായിരുന്ന ആ രണ്ടു രൂപ നാണയം ഞാന്‍ അയാള്‍ക്ക് കൊടുത്തു 

പാവം!!ഞാന്‍ മനസ്സില്‍ കരുതി. നാണയതുട്ടു വാങ്ങി അയാളും എന്നോട് നന്ദി പറഞ്ഞു. ഞങ്ങള്‍ നടന്നു നീങ്ങി. 

ഇടക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ആ ഹോട്ടലിന്റെ മുന്‍വാതിലില്‍ ആഹാരം കഴിക്കാന്‍ പോകുന്നവരെയും കഴിച്ചിട്ട് ഇറങ്ങുന്നവരെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു

'ഒരു നേരത്തെ ആഹാരത്തിനുള്ള വകകായ്‌ '

June 4, 2021

The Ice Bucket Challenge on Facebook


 

രാവിലെ വീടിന്റെ വരാന്തയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന തലയില്‍ ആരോ തണുത്ത വെള്ളമോഴിച്ചു...

എൻ്റെ  വെപ്രാളം കണ്ടു പുറകില്‍ നിന്നു ചിരിച്ചതും വെള്ളമൊഴിച്ചതും എൻ്റെ  ഭാര്യയാണെന്നു  മനസിലായി. അന്റാര്‍ട്ടിക്കയില്‍  നഗ്നനായി പോയ പോലെ.. എൻ്റെ മൊട്ടത്തലയും, അരിചാക്ക് പോലുള്ള ശരീരവും തണുത്തു വിറക്കുന്നു

"എടീ പന്ന............"വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അവളുടെ അടുത്തു 'മൊബൈൽ' ക്യാമറയുമായി മകനെ കണ്ടത്. എൻ്റെ  തലയില്‍ തണുത്ത വെള്ളമോഴിക്കുന്നത് അവന്‍ ക്യാമറയില്‍ പിടിക്കുന്നു. ഭാവിയുള്ള ചെക്കനാണ്, ആരെങ്കിലും ഇനി എൻ്റെ  തല അടിച്ചു പോട്ടിക്കുന്നത് കണ്ടാല്‍ അതും അവന്‍ വീഡിയോ എടുക്കും അല്ലെങ്കില്‍ ഒരു സെല്‍ഫിയെങ്കിലും  എടുക്കും പിന്നെ ഫേസ്ബുക്കിലോ യൂട്യൂബിലൊ, അതാ മുതല്.

"എന്തിനാടി നീ ഈ പണി കാണിച്ചത്‌?" എന്ന ചോദ്യത്തിനു  പത്നിയുടെ ഉത്തരം അവള്‍ക്കു ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യാന്‍ ആണ് പോലും. ഇപ്പോള്‍ ഇതാണത്രേ ഫേസ്ബുക്ക്‌ ട്രെണ്ട്.

 സുക്കാറും, ബില്‍ഗേറ്റ്സം, സാനിയയും തലയില്‍ ഐസ് വെള്ളം ഒഴിച്ച്  അത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അത് കണ്ടിട്ടാണ്  ഭാര്യക്ക് ഇങ്ങനെ തോന്നിയത്, എന്നാല്‍ പിന്നെ നിനക്കു നിന്റെ  തലയില്‍ ഒഴിച്ച് കൂടാരുന്നോ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ് പക്ഷെ എന്റെ ആര്യോഗ്യം അതിനനുവദിച്ചില്ല.

 സുക്കാറും ബില്‍ഗേറ്റ്സം സാനിയയും തലയില്‍ ചൂടുവെള്ളം ഒഴിക്കാത്തത്   എൻ്റെ ഭാഗ്യം


Ref News 

https://about.fb.com/news/2014/08/the-ice-bucket-challenge-on-facebook/

പ്രവാസിയുടെ മകൾ

ഏഴു ദിവസത്തെ ക്വാറിന്റയിൻ കഴിഞ്ഞു വീട്ടിലേക്കു പോവുകയാണ്. ഞാൻ സഞ്ചരിക്കുന്ന കാറിനു സ്പീഡ് തീരെ പോരാ എന്നു തോന്നിപ്പോയി. ഗൾഫിൽ നിന്നും ഞാൻ നാട്ടിൽ വന്നിട്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞിരുന്നു. എയർപോർട്ടിൽ ഇറങ്ങി ക്വാറിന്റിയിനിൽ ഇരിക്കാൻ വേണ്ടി ടൗണിൽ തന്നെയുള്ള ഹോട്ടലിൽ മുറി എടുത്തത്. ഏഴു ദിവസങ്ങൾ തള്ളി നീക്കിയത് എങ്ങനെയാണെന്നു എനിക്കു മാത്രമേ അറിയൂ. ടാക്സി ഡ്രൈവറോട് കാറിന്റെ സ്പീഡ് കൂട്ടാൻ പറഞ്ഞു. അയാൾ അയാളുടെ പ്രായത്തിന്റെ പക്വതാ കാരണം വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നതെന്നു തോന്നി. 

ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞതു അയാൾക്കു തീരെ ഇഷ്ടപ്പെട്ടില്ല. മാസ്ക് എടുക്കാതെ എന്നെ നോക്കി അയാൾ പരിഹാസത്തോടെ പറഞ്ഞു "ഇതു ഗൾഫ് അല്ല ഇവിടെ ഈ സ്പീഡു മാത്രമേ പറ്റു". ശരിയാണ് എന്റെ ഭാഗത്താണു തെറ്റ്! അയാൾ സാധാരണ സ്പീഡിൽ തന്നെയാണ് വണ്ടി ഓടിക്കുന്നത് പക്ഷെ എന്റെ മനസ്സുമുഴുവൻ വീട്ടിലേക്കു എത്രയും പെട്ടന്ന് തന്നെ എത്തിച്ചേരണം എന്നുമാത്രമേയൊള്ളു. എനിക്കു അയാളോട് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല. വർഷങ്ങൾക്കു ശേഷം വീട്ടിലേക്കു പോകുന്ന എന്റെ മനസ്സു മനസ്സിലാക്കാത്ത ദുഷ്ടനാണെന്നും, സൗഹൃദ സംഭാഷണങ്ങൾക്കു പോലും മടിക്കുന്ന പരുക്കനായ ഡ്രൈവറാണെന്നും എനിക്കു ചിലപ്പോൾ തോന്നിയതാകാം. കൂടുതൽ ആലോചിക്കാതെ ഇരിക്കുന്നതായിരിക്കാം നല്ലതു. ഇനി ഒന്നര മണിക്കൂർ എടുക്കും വീട്ടിലെത്തുവാൻ. അയാളോട് പ്രതേകിച്ചു ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടു ഞാൻ കാറിന്റെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു. കാറിലെ സ്റ്റീരിയോയിൽ ഏതോ പഴയ പാട്ടു ചെറിയ ശബ്ദത്തിൽ കേൾക്കാം. ഓർമകളെന്നെ പുറകോട്ടു കൊണ്ടു പോയി.

എന്നെ ഒരു പ്രവാസിയാക്കിയത് ജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും പിന്നെ സ്വപ്ങ്ങൾക്കു പിറകെയുള്ള ഓട്ടവുമാണ്. ഏതൊരു മലയാളിയെയും പോലെ കുറച്ചു പൈസ ഉണ്ടാക്കണം, ഒരു ചെറിയവീട്, പിന്നെ ഒരു കുടുംബം. പക്ഷെ എല്ലാ പ്രവാസിയെയും പോലെ ഒൻപതു വർഷമായിട്ടും വലിയതായി സമ്പാദിക്കാൻ ഒന്നും പറ്റിയില്ല. ഗൾഫിൽ പോയി ആറു വർഷം കഴിഞ്ഞാണു ഞാൻ കല്യാണം കഴിച്ചത്. 'കല്യാണം' അതൊരു വലിയ കഥയാണ്, നാട്ടിൽ എത്തിയിട്ടു വെക്കേഷൻ അടിച്ചുപൊളിക്കേണ്ട ഞാൻ ഒന്നരമാസം 'പെണ്ണുകണ്ടു' നടന്നു. പെണ്ണുകാണലിനു കൂടെ വരുന്ന ബന്ധുക്കൾ അഭിപ്രായം പറഞ്ഞതു കൊണ്ടു ഇഷ്ടപ്പെട്ട ഒട്ടുമിക്ക ബന്ധങ്ങളും വേണ്ടെന്നു വെച്ചു. അവസാനം എല്ലാര്ക്കും ഇഷ്ടപെട്ട ഒരു പെൺകുട്ടി ജീവിതത്തിലേക്കു കടന്നു വന്നു അതും ഗൾഫിലേക്ക് തിരിച്ചു പോകുന്നതിനു ഒരാഴ്ചമുമ്പ്. രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്കും ഭാര്യക്കും പറ്റാതെ വന്നപ്പോൾ ഞങ്ങൾ ഒരു വാടകവീട്ടിലേക്കു മാറി. രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന എനിക്കു ആ അവധിക്കാലം ഭാര്യയോടൊപ്പം വാടകവീട്ടിൽ തന്നെ ആഘോഷിക്കാൻ പറ്റി. രണ്ടുമാസത്തെ അവധി കഴിഞ്ഞു തിരിച്ചു ഗൾഫിലേക്കു തിരിച്ചുവരാൻ തുടങ്ങിയപ്പോഴാണ് അവൾ ആ സന്തോഷവാർത്ത എന്നോടു പറഞ്ഞതു 'ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നു' സന്തോഷവും അതിലേറെ സങ്കടവും തോന്നിയ നിമിഷം. ഇനി രണ്ടു വർഷം കഴിഞ്ഞു മാത്രമേ എന്റെ കുഞ്ഞിനെ കാണാൻ പറ്റൂ എന്നു ചിന്തിച്ചപ്പോൾ തിരിച്ചു ഗൾഫിലേക്കു പോകേണ്ട എന്നു തോന്നി പോയി. എന്റെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ടു പിന്നെയും ഞാൻ ഗൾഫിലേക്ക് തിരിച്ചു പോവുക എന്ന കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. 

പിന്നെ ഞാൻ ജീവിതം അടുത്തുകണ്ടതു മൊബൈലിൽ കൂടിയാണ്. എന്റെ മകളായ ദേവുവിന്റെ വളർച്ചയും പേരിടലും, ചോറൂണ് എല്ലാം ഒരു കാഴ്ചക്കാരനെ പോലെ കണ്ടുനിന്നു. അവൾ കരഞ്ഞു തുടങ്ങിയ നാൾമുതൽ, മുട്ടിലിഴഞ്ഞതും, പിച്ചവച്ചതും, കൊച്ചരിപല്ലു കാട്ടിയുള്ള ചിരിയും, "ചാച്ചാ" എന്നുള്ള കൊഞ്ചി വിളിക്കുന്നതും സ്നേഹം നിറച്ച ഉമ്മകൾ തരുന്നതുമെല്ലാം ഞാൻ മൊബൈലിൽ നിറകണ്ണുകളോടെ കണ്ടിട്ടുണ്ട്. എനിക്കേറ്റവും വേദന തോന്നിയിട്ടുള്ളത് നാട്ടിലേക്കു വിളിക്കുമ്പോൾ ചിലപ്പോൾ അവള് എന്തെങ്കിലുമൊക്കെ കഴിക്കുകയായിരിക്കും, എന്നെ കാണുമ്പോൾ അവൾ കഴിച്ചോണ്ടിരിക്കുന്നതു എനിക്കു നേരെ നീട്ടും. ഞാൻ അതു വാങ്ങി കഴിക്കുന്നതായി അഭിനയിക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണണം. കുഞ്ഞിനിപ്പോൾ മൂന്നുവയസ്സായി, ഒരു പക്ഷെ ഭാര്യ രമയോടു സംസാരിച്ചത്തിലും കൂടുതൽ ഞാൻ മോളോടായിരിക്കും സംസാരിച്ചിട്ടുള്ളത്, അതും ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലാവുന്ന ഭാഷയിൽ. 

അവളെ എടുക്കാനോ കൊഞ്ചിക്കാനോ എനിക്കു കഴിഞ്ഞിട്ടില്ല. രണ്ടു വർഷം കഴിയുമ്പോൾ നാട്ടിൽ വരാനിരുന്നതാണ്, പക്ഷെ അപ്പോഴാണ് കൊറോണ എന്ന വ്യാധി എല്ലായിടത്തും പടർന്നു പിടിച്ചത്. എന്റെ വെക്കേഷനു സമയമായപ്പോൾ ഗൾഫ് കൺട്രീസ് എല്ലാം ട്രാവൽ ബാൻ ചെയ്തു. അതുകാരണം പിന്നെയും ഞാൻ വെക്കേഷന് ഒരു വർഷം കൂടി നീട്ടി. ഇന്നെന്റെ കുഞ്ഞിനെ താലോലിക്കാനും, ഉമ്മകൊടുക്കാനും, കഥപറഞ്ഞു ആഹാരം വാരി കൊടുക്കാനും, അവൾ കുഞ്ഞികൈ കൊണ്ടു തരുന്നത് കഴിക്കാനുമെല്ലാം പറ്റും. ഓർത്തിട്ടു സന്തോഷം അടക്കാൻ കഴിയുന്നില്ല.

"ഇനി എങ്ങോട്ടാ പോകേണ്ടത്?" ഡ്രൈവറുടെ പരുക്കൻ ചോദ്യം കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്റെ ചിന്തകൾ കാരണം സമയം പോയതറിഞ്ഞതുമില്ല, റോഡിനിരുപ്പുറവുമുള്ള പുതിയ കാഴ്ചകളിലൊന്നും എനിക്കു കാണാനേ കഴിഞ്ഞില്ല. എന്തു കാണാൻ? എല്ലാരും മാസ്കിലാണ് അതാണു ഇപ്പോഴത്തെ കാഴ്ച! ഒരു പുഞ്ചിരിയോടെ ഞാനോർത്തു. പ്രധാന കവലയെത്തിയിരിക്കുന്നു, ഡ്രൈവർക്ക്‌ ഞാൻ വഴി പറഞ്ഞു കൊടുത്തു. ഹോട്ടലിനു പുറപ്പെട്ടപ്പോൾ തന്നെ ഗൂഗിൾ മാപ്പു അയച്ചുകൊടുത്തത് മതിയായിരുന്നു. പക്ഷെ എന്റെ മനസ്സിലെ മറ്റു ചിന്തകളൊക്കെ അതിനൊന്നും അനുവദിച്ചില്ല. ഇപ്പോൾ ഞങ്ങൾ എന്റെ വീടിനു അടുത്തുള്ള റോഡിലെത്തി. ഇനിയങ്ങോട്ടു ഒറ്റവരി പാതയാണ് അതുകൊണ്ടു വീട്ടിലിലേക്കു വണ്ടി പോവില്ല. കാറു നിർത്തി ഞാൻ സാധങ്ങൾ എല്ലാം എടുത്തു പുറത്തു വെച്ചു ഡ്രൈവർക്കു കാശുകൊടുത്തു അയാളെ പറഞ്ഞു വിട്ടു. ഇനി അടുത്ത അവധിക്കു നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ നിന്നും എനിക്കു വീട്ടിലേക്കു വരാൻ വീടിനു അടുത്തുള്ള ആരെയെങ്കിലും വിളിച്ചാൽ മതിയെന്നു മനസ്സിൽ കരുതി. കൊറോണ കാലമായതുകൊണ്ടു കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും ഭാര്യക്കുള്ള കുറച്ചു സാധനങ്ങളും മാത്രമേ വാങ്ങിയുള്ളു. എല്ലാ പ്രവിശ്യവും കൊണ്ടുവരാനുള്ള വലിയ പെട്ടികളൊന്നും തന്നെയില്ല എന്നൊരു സമാധാനമുണ്ട്. അവളും കുഞ്ഞും വീട്ടിൽ ഒറ്റയ്ക്കായതു കൊണ്ടു ഞാൻ വരുമ്പോൾ റോഡിൽ വന്നു നിൽക്കേണ്ട എന്നു ഹോട്ടലിൽ നിന്നും യാത്ര തിരിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു. 

കയ്യിലുള്ള ആ ചെറിയ പെട്ടിയുമായി ഞാൻ വീട്ടിലേക്കു നടന്നു നീങ്ങി. ചുറ്റുപാടുകൾ ആകെ മാറിയിരിക്കുന്നു വീടിനു മുൻപിൽ ഉണ്ടായിരുന്ന റബർ തോട്ടമെല്ലാം വെട്ടി വെളിപ്പിച്ചിരിക്കുന്നു. എനിക്കു ദൂരെനിന്നേ വാടകവീടിന്റെ മുൻവശം കാണാം. രമ വരാന്തയിൽ എന്നെ നോക്കി നിൽക്കുന്നു. മോൾ അടുത്തവീടുകളിലെ കുഞ്ഞുങ്ങളുമായി മുറ്റത്തു കളിക്കുന്നു. വീട് അടുക്കുന്തോറും എന്റെ നടപ്പിന്റെയും ഹൃദയമിടിപ്പിന്റെയും വേഗം കൂടി. ഭാര്യയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവും എനിക്കു അടുത്തു കാണാം. ഫോണിൽകൂടി കാണുന്നതുപോലെയല്ല അവൾ കുറച്ചു തടിച്ചു. ഞാൻ വീടിന്റെ മുൻപിൽ എത്തിയപ്പോഴേക്കും അവൾ മോളോടു വിളിച്ചു പറഞ്ഞു "ദേവൂട്ടി ദേ ചാച്ചാ വരുന്നു" അതു കേട്ടതും കുഞ്ഞു അവൾ കളിച്ചു കൊണ്ടിരുന്നിടത്തു നിന്നും എഴുന്നേറ്റു എന്നെ നോക്കി. പിന്നെയവൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു എന്റെ അടുത്തേക്ക് "ചാച്ചേ" എന്നു വിളിച്ചുകൊണ്ടു ഓടിവരുന്നു. “ഓടാതെ പതിയെ പോ മോളെ" അവളുടെ അമ്മയുടെ വിലക്കുകൾ ഒന്നും കേട്ടതായി ഭാവിക്കാതെ ദേവുവിന്റെ കുഞ്ഞിക്കാലുകൾ എന്നിലേക്ക്‌ അടുക്കുന്നു. എന്റെ സർവ്വ നിയന്ത്രണവും വിട്ടുപോയി, കണ്ഠമിടറി, എന്റെ കൈകളിലിൽ നിന്നും സാധനങ്ങൾ താഴേക്കു വഴുതിവീണു. ഓടിവരുന്ന മോളെ കോരിയെടുക്കാനായി ഞാനും അവളുടെ അടുത്തേക്ക് ഓടി. സന്തോഷവും സങ്കടവും കാരണം എന്റെ കണ്ണുകൾ നിറഞ്ഞു മുൻപിലുള്ളതെല്ലാം അവ്യക്താമായിരുന്നു. പെട്ടന്നായിരുന്നു എന്റെ കാലുകൾ തറയിലുള്ള എന്തിലോ തട്ടി. കാലുകളുടെ ബാലൻസ് മുഴുവൻ പോയി ഞാൻ താഴേക്കു വീണു. ആ വീഴ്ചയിൽ തല ശക്തമായി തറയിൽ ഇടിച്ചു. തലകറങ്ങുന്നു, കാഴ്ച പൂർണമായും മങ്ങി, ബോധം മറഞ്ഞു. ആരോ വിളിക്കുന്നുണ്ട്! എനിക്ക് കണ്ണുതുറക്കാൻ ആഗ്രഹമുണ്ട് പക്ഷെ കഴിയുന്നില്ല. എന്റെ അടുത്തേക്ക് ഓടിവന്ന പൊന്നോമന എവിടെ? മഴപെയ്യുന്നുണ്ടോ? ആ അറിയില്ല! പക്ഷെ മുഖത്തു വെള്ളം വീഴുന്നുണ്ട്. അതെ മുഖത്തു ആരോ വെള്ളമൊഴിച്ചതാണ്. മുന്നിലുള്ള രൂപങ്ങൾ കുറേശേ തെളിഞ്ഞു വരുന്നു. മങ്ങിയ വെളിച്ചത്തിൽ ഹിന്ദിക്കാരൻ റൂം മേറ്റിന്റെ ദയനീയ മുഖം കണ്ടു. 

ഇതെങ്ങനെ നാട്ടിലെത്തിയ ഞാൻ എനിക്കു ചുറ്റും ഗൾഫിലുള്ള സുഹൃത്തുക്കൾ? ഞാൻ ഇപ്പോൾ എന്റെ റൂമിലെ തറയിൽ കിടക്കുന്നു. എന്നെ ആരൊക്കയോ ചേർന്നു കട്ടിലിൽ കിടത്തി. ഇപ്പോഴെനിക്ക്‌ ചുറ്റുമുള്ള ആളുകളുടെയും മുഖങ്ങൾ വ്യക്തമായി കാണാം, ക്യാമ്പിലെ മിക്കവരുമുണ്ട്. "ദോഡ പാനി പീലോ ഭായി" റൂംമേറ്റു വെള്ളവുമായി വന്നു. ഞാനതു വാങ്ങി കുടിച്ചു. "നിനക്ക് വല്ലതും പറ്റിയോ സുകു? നിനക്ക് എന്താ ഉറക്കത്തിൽ നടക്കുന്ന അസുഖമുണ്ടോ? ഫൈസലിക്കയാണ് ചോദിച്ചത്. എനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. നാട്ടിലേക്കു വെക്കേഷന് പോയതും ക്വാറിന്റയിനിലിരുന്നതും എന്റെ കുഞ്ഞിനെയും ഭാര്യയെയും കണ്ടതുമെല്ലാം സ്വപനങ്ങൾ ആയിരുന്നു എന്നു എങ്ങനനെയാ പറയുക. മോളെ എടുക്കാനുള്ള ത്വരയിൽ ബെഡിൽ നിന്നും എഴുന്നേറ്റു ഓടിയിരിക്കണം, നാട്ടിൽ കൊണ്ടുപോകാനായി വാങ്ങി വെച്ചതൊക്കെ തറയിൽ ഇരിക്കുന്നു. അതിലാണു എന്റെ കാലു തട്ടി റൂമേറ്റിന്റെ കട്ടിലിൽ തലയിടിച്ചു വീണതു. അതായിരിക്കണം അവൻ ഭയന്ന് എന്നെ നോക്കിയത്. ഉറക്കത്തിൽ പ്രതീക്ഷിക്കാതെ വല്ലതും സംഭവിച്ചാൽ ആരായാലും പേടിക്കും. എനിക്കെല്ലാം പെട്ടന്നുതന്നെ മനസ്സിലായി. "Dreams are graphical virtual entertainment". സ്വപ്‌നങ്ങൾ അങ്ങനെയാണ് ചിലപ്പോൾ നമ്മളെ സന്തോഷിപ്പിക്കും, സങ്കടപെടുത്തും, മറ്റുചിലപ്പോൾ മനോഹര കാഴ്ചകൾ സമ്മാനിക്കും, ജീവിക്കാനുള്ള പ്രേരണ നൽകും. 

എൻ്റെ  വീഴ്ചയും അതിനെ തുടർന്നുണ്ടായ റൂമേറ്റിന്റെ പേടിച്ചുള്ള നിലവിളിയും അലർച്ചയും കേട്ടിട്ടാകണം അടുത്തുള്ള റൂമിലുള്ളവരെല്ലാം ഇപ്പോൾ ചുറ്റിനുമുണ്ട്. "എല്ലാരും പോയി കിടന്നോളു". അവിടെ നിന്നോവരോടായി ഫൈസലിക്കാ പറഞ്ഞുകൊണ്ടു എന്റെ ബെഡിൽ വന്നിരുന്നു. "നിനക്ക് വേദനയുണ്ടോ? താഴെ വീണതല്ലേ? തലയും ഇടിച്ചു അല്ലെ?. പോട്ടെ സാരമില്ല, നീ ഈ ബാം പുരട്ടു ഇല്ലെങ്കിൽ വേദന കൂടും" ഇക്ക ബാമിന്റെ കുപ്പി എനിക്ക് തന്നു. ഞാൻ കുറച്ചു ബാം എടുത്തു നെറ്റിയിലും കയ്യിലും പുരട്ടി. "ഇപ്പോൾ വേദന കുറവുണ്ട്" ഞാൻ പറഞ്ഞു. വെക്കേഷനു നാട്ടിൽ പോയതും ഭാര്യയെയും മകളേയും സ്വപ്നത്തിൽ കണ്ടതും ഞാൻ ഇക്കയോട് പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഇക്കയെന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു "മൂന്നുവര്ഷമായില്ലേ നീ നാട്ടിൽ പോയിട്ട് ? ചിലപ്പോൾ അങ്ങനെയാണ് യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ പറ്റാതെ വരുമ്പോൾ മനസ്സിനുണ്ടാവുന്ന അവസ്ഥായാണിത്, സാരമില്ല."

 "ഓരോത്തർക്കും പലതരത്തിലാണ് പ്രയാസങ്ങൾ അനുഭവപ്പെടുക, ചിലർക്ക് ഉറക്കമായിരിക്കും പ്രശ്നം. പലരും പറയുന്നത് നീ കേട്ടിട്ടില്ലേ സുകു, ഉറങ്ങാൻ കഴിയുന്നില്ല, കുറച്ചുമാത്രമേ ഉറങ്ങാൻ പറ്റുന്നുള്ളു എന്നൊക്കെ. മിക്കവരും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉറക്കത്തിൽ കൂടിയായിരിക്കും സാധിക്കുന്നത്. ചിലർ ഉറക്കത്തിൽ സംസാരിക്കും, ചിലപ്പോൾ നിന്നെപ്പോലെ എഴുനേറ്റുനടക്കും! ", ഇക്ക എന്നെ തന്നെ നോക്കിയിരുന്നു. അനുഭവങ്ങൾ ഒരുപാടുള്ള ഒരു സാഹിത്യകാരനെപ്പോലെ ഇക്ക വീണ്ടും പറഞ്ഞു തുടങ്ങി "മാസികമായ പ്രയാസം കൂടുമ്പോൾ സമനിലതെറ്റി ചിലർ ആത്മഹത്യാ ചെയ്യും, പ്രവാസികൾക്ക് മിക്കവാറും ഉറക്കമില്ലാത്ത രാവുകൾ ആയിരിക്കും, ഉറങ്ങാനായി കിടക്കുമ്പോൾ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ, ചിന്തകൾക്കു അങ്ങനെ പലതും. കുടുംബം കൂടെയില്ലാത്ത പ്രവാസികൾക്കു കാലം കഴിയുന്തോറും ചിലപ്പോൾ ഓരോതരം മാനസിക വിഭ്രാന്തികളാണ് ഉണ്ടാവുക. ചിലർക്ക് സമനിലതെറ്റും, സ്ഥാലകലാബോധം നഷ്ടപ്പെടും. നമ്മുടെയൊക്കെ ജീവിതം ഒരു തപസ്സാണ്! പ്രിയപ്പെട്ടവർക്കുവേണ്ടി നമ്മൾ ചെയ്യുന്ന തപസ്സ്. ജീവിതത്തിന്റെ അവസാനം ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നുവെന്നു ആരെങ്കിലും ചോദിച്ചാൽ 'പ്രവാസം' അതൊരു ഒരു സമസ്യ ആണെന്നു എന്നുപറയേണ്ടിവരും. പ്രവാസത്തിൽ ഇതൊക്കെ സർവസാധാരണമാണ്. നിന്നെ പോലെ തന്നെ മിക്കവരും അവരുടെ കുടുംബവും കുട്ടികളെയുമൊക്കെ നാട്ടിലുപേക്ഷിച്ചു വന്നവരാണ്." "നമ്മളുടെ അനുഭങ്ങൾ, ബുദ്ധിമുട്ടുകൾ ആർക്കും മനസ്സിലാവില്ല, ആരോടും പറഞ്ഞാൽ മനസ്സിലാക്കുകയുമില്ല. അത് അനുഭവിച്ചു തന്നെ അറിയണം. നമ്മളിൽ മിക്ക ആളുകൾക്കും പലതരം മാനസികമായി പ്രശനങ്ങൾ ഉള്ളവരാണ്". " നീ കണ്ട സ്വപ്നങ്ങളൊക്കെ ഒരുതരം വിഭ്രാന്തിയുടെ ഭാഗങ്ങളാണ്, പോട്ടെ സാരമില്ല. ഒന്നും ആലോചിക്കേണ്ട ദൈവത്തെ വിളിച്ചു കിടക്കു". "സുബ്‌ഹ്‌ വിളിക്കാറായി, രാവിലെ എഴുനേൽക്കേണ്ടേ? " ഒരു നെടുവീർപ്പോടെ ഇക്ക എഴുന്നേറ്റു പോയി. 

ഞാൻ കാരണം ഉറക്കം പോയ പാവം റൂമേറ്റു റൂമിലെ ലൈറ്റ് ഓഫാക്കി കിടന്നു. വീട്ടിലേക്കു വിളിച്ചാലോയെന്നു ഒരുനിമിഷം ആലോചിച്ചു , വേണ്ടാ! അവളും കുഞ്ഞും സുഖമായി ഉറങ്ങട്ടെ ഇന്നലെ രാത്രിൽ നാട്ടിലെ ഒരുമണിവരെ സംസാരിച്ചതാണ്. ഇന്നു പ്രിയപ്പെട്ടവർ മൊബൈലെന്ന വിരത്തുമ്പിലാണ്, പണ്ടൊക്കെ ഈ സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലവുമുണ്ടായിരുന്നു. മാസങ്ങളെടുത്തുള്ള കത്തിടപാടുകളും, മാസത്തിലൊരിക്കലുള്ള ഫോൺ വിളികളുമുള്ള ഒരുകാലവുമുണ്ടായിരുന്നില്ലേ?. ഈ നശിച്ച കൊറോണ കാരണം മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുന്നു. വെക്കേഷന് പോകാൻ പറ്റാത്തതിലുള്ള സങ്കടം ഒരുവശത്തും, നാട്ടിലുള്ള പ്രിയപ്പെട്ടവർക്കു കൊറോണ ബാധിക്കരുതേ എന്ന പ്രാർത്ഥന മറുവശത്തും. എല്ലാ ദുരിതങ്ങളും മാറി ഒക്കെ ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം മാത്രമേ ഇപ്പോഴൊള്ളു. ഇനി കിടന്നാലും ഉറക്കം വരില്ല എന്നറിയാം എങ്കിലും ഞാൻ കണ്ണുകളടച്ചു കിടന്നു.

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...